ന്യൂഡല്‍ഹി: കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി   കേന്ദ്ര പരിസ്ഥിതി വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. മന്ത്രി പ്രകാശ് ജാവദേക്കറുടെ കീഴിലുള്ള വകുപ്പ് മൃഗങ്ങളെ കൊല്ലാന്‍ ആര്‍ത്തി കാണിക്കുന്നതെന്തിനാണെന്നു തനിക്ക് മനസിലാകുന്നില്ലെന്നായിരുന്നു മേനക ഗാന്ധിയുടെ പ്രസ്താവന. 


മൃഗാവകാശസംരക്ഷണ പ്രവര്‍ത്തക കൂടിയായ മേനക ഗാന്ധി പരിസ്ഥിതി വകുപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും  ആന, കുരങ്ങ് പോലുള്ള മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കികൊണ്ട് കത്തയച്ചതായും ആരോപിച്ചു.

നേരത്തെ ഗോവധത്തിനെതിരെ മേനക ഗാന്ധി രാജ്യവാപകമായി ഓണ്‍ലൈന്‍ മുഖേന പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. മൃഗശാലകള്‍ അടച്ചുപൂട്ടണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.  

കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇടക്കാലത്തേക്ക് അനുമതി നല്‍കിയിരുന്നു ഇതാണ് മേനക ഗാന്ധിയെ ചൊടിപ്പിച്ചതെന്നാണ് സൂചന.