പട്ന:ബിഹാറിലെ ബിസുവയിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പ് പ്രചരണപരിപാടിയിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ-ചൈന സംഘർഷം, കുടിയേറ്റ തൊഴിലാളി പ്രതിസന്ധി എന്നിവ ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ ആക്രമണം.

'ബിഹാറിലെ ജവാന്മാർ രക്തസാക്ഷിത്വം വരിച്ചപ്പോൾ പ്രധാനമന്ത്രി എന്തായിരുന്നു ചെയ്തിരുന്നതെന്നാണ് ചോദ്യം.' ബിഹാർ തന്റെ ആൺമക്കളെ അതിർത്തിയിലേക്കുന്നതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ പരാമർശിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വിമർശനം.

'ചൈന നമ്മുടെ ഭൂമിയിൽ അതിക്രമിച്ചുകയറിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അത് നിഷേധിച്ചത് എന്തിന്? ഇന്ന് അദ്ദേഹം പറയുന്നു ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ താൻ തലകുനിക്കുന്നുവെന്ന്. അങ്ങനെയാണെങ്കിൽ എന്തിനാണ് അങ്ങ് നുണ പറഞ്ഞത്? ' രാഹുൽ ഗാന്ധി ചോദിച്ചു.

'ബിഹാറികളോട് നുണ പറയരുത് മോദിജി. നിങ്ങൾ ബിഹാറികൾക്ക് തൊഴിൽ നൽകിയിട്ടുണ്ടോ? കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത് രണ്ട് കോടി തൊഴിലുകളാണ്. ഒരാൾക്കുപോലും അത് ലഭിച്ചില്ല.  സൈന്യത്തിന്റേയും കർഷകരുടേയും തൊഴിലാളികളുടേയും വ്യാപാരികളുടേയും മുന്നിൽ തല കുനിക്കുന്നുവെന്ന് അദ്ദേഹം പരസ്യമായി പറയും. എന്നാൽ, വീട്ടിലെത്തിക്കഴിഞ്ഞാൽ അദ്ദേഹം അംബാനിക്കും അദാനിക്കും വേണ്ടിയാണ് ജോലി ചെയ്യുന്നത്.' രാഹുൽ ആരോപിച്ചു.

കോവിഡ് 19-നെ കുറിച്ചും അതിനെ തുടർന്നുണ്ടായ കുടിയേറ്റ തൊഴിലാളുകളുടെ പ്രതിസന്ധിയെ കുറിച്ചും രാഹുൽ സംസാരിച്ചു. 'എല്ലാ കുടിയേറ്റ തൊഴിലാളികളേയും ബിഹാറിലേക്ക് മടക്കി അയച്ചു. നിങ്ങൾ മൈലുകളോളം നടക്കുമ്പോൾ പ്രധാനമന്ത്രി മോദി എന്താണ് ചെയ്തിരുന്നത്? നിങ്ങൾക്ക് അദ്ദേഹം ട്രെയിൻ ലഭ്യമാക്കിയോ?' രാഹുൽ ചോദിച്ചു.

രാഹുൽ ഗാന്ധിക്ക് മുമ്പ് റാലിയെ അഭിസംബോധന ചെയ്തത് മഹാഗഥ്ബന്ധൻ മുഖ്യമന്ത്രി സ്ഥാനാർഥിയായ തേജസ്വി യാദവാണ്. താൻ അധികാരത്തിലെത്തുകയാണെങ്കിൽ പത്തു ലക്ഷം സർക്കാർ ജോലി ബിഹാർ യുവജനങ്ങൾക്ക് നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം.

Content Highlights:Don't lie to Biharis says Rahul Gandhi