കൊല്‍ക്കത്ത: ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ പ്രത്യേക നിയന്ത്രണ രേഖയൊന്നും വരയ്ക്കേണ്ട ആവശ്യമില്ലെന്ന് ബംഗാള്‍ സര്‍ക്കാരിനോട് കൊല്‍ക്കത്ത ഹൈക്കോടതി. വിജയ ദശമി ദിനത്തിലും മുഹറ ദിനമായ ഒക്ടോബര്‍ ഒന്നിനും ദുര്‍ഗാ പ്രതിമ നിമഞ്ജനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ ചോദ്യം ചെയ്ത് കൊണ്ട് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കൊല്‍ക്കത്ത ഹൈക്കോടതി സര്‍ക്കാരിനോട് ഇങ്ങനെ ആവശ്യപ്പെട്ടത്. 

രാജ്യത്തെ പൗരനെന്ന നിലയില്‍ മതവിശ്വാസം കാത്ത് സൂക്ഷിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ഇതില്‍ ക്രമസമാധാനത്തിന്റെ പേര് പറഞ്ഞ് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിജയ ദശമി ദിനത്തില്‍ രാത്രി 10 മണിക്ക് ശേഷവും മുഹറ ദിനമായ ഒക്ടോബര്‍ ഒന്നിനും ദുര്‍ഗാ പ്രതിമ നിമഞ്ജനം ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. 

ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ മനസിലാക്കിയെന്ന് വിശദീകരിക്കണം. അല്ലാതെ നേരിട്ട് നിയന്ത്രണമേര്‍പ്പെടുത്തകയല്ല വേണ്ടതെന്നും കോടതി പറഞ്ഞു. വിജയ ദശമി നാളില്‍ നടക്കുന്ന ദുര്‍ഗ പ്രതിമ നിമഞ്ജന ഘോഷയാത്രയും, മുഹറ നാളില്‍ നടക്കുന്ന തെയ്ജ ഘോഷയാത്രയ്ക്കും സര്‍ക്കാര്‍ ക്രമീകരണം ഏര്‍പ്പെടുത്തണം. ക്രമസമാധാന പ്രശ്നമുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ഇങ്ങനെയാണ് നടപടിയെടുക്കേണ്ടത്. സമ്പൂര്‍ണ മത സൗഹാര്‍ദം സംസ്ഥാനത്തുണ്ടെന്ന് വാദിക്കുന്ന സര്‍ക്കാര്‍ എന്തിനാണ് രണ്ട് മതങ്ങള്‍ക്കിടയില്‍ പ്രത്യേക നിയന്ത്രണ രേഖ വരയ്ക്കുന്നതെന്നും കോടതി ചോദിച്ചു.