ലഖ്നൗ: കുറ്റക്കാരായ മനുഷ്യര്‍ക്ക് പുറമെ കഴുതകളെയും തടവിലാക്കി ഉത്തര്‍പ്രദേശ് പോലീസ്. യുപിയിലെ ജലൗണ്‍ ജില്ലയിലാണ് സംഭവം. വില കൂടിയ ചെടികള്‍ തിന്നതിനാണ് കഴുതകളെ നാല് ദിവസം ഉറായി ജില്ലാ ജയിലില്‍ പാര്‍പ്പിച്ചത്. 

ഉറായി ജയിലിന് പുറത്ത് നട്ടുപിടിപ്പിച്ചിരുന്ന അഞ്ച് ലക്ഷം രൂപ വില വരുന്ന ചെടികളാണ് കഴുതകള്‍ തിന്നുതീര്‍ത്തത്. ഇതേതുടര്‍ന്നാണ് കഴുതകളെ ജയിലില്‍ അടച്ചത്. നാല് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കുറ്റക്കാരായ എട്ട് കഴുതകളും തിങ്കളാഴ്ച ജയില്‍ മോചിതരായി.

ജയിലിനുള്ളില്‍ നടാനായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ തീരുമാനിച്ചിരുന്ന വില കൂടിയ ചെടികളാണ് കഴുതയുടെ ഭക്ഷണമായത്. ഇതേതുടര്‍ന്ന് പോലീസ് കഴുതയുടെ ഉടമസ്ഥന് താക്കീത് നല്‍കിയിരുന്നു. എന്നിട്ടും കഴുതകളെ പുറത്ത് വിട്ടതിനെ തുടര്‍ന്നാണ് കഴുതയെ തടവിലാക്കിയതെന്ന് ഉറായി ജയിൽ അധികൃതർ പറഞ്ഞു. 

നവംബര്‍ 24നാണ് പോലീസ് കമലേഷ് എന്നയാളുടെ എട്ട് കഴുതകളെ പിടിച്ചെടുത്തത്. കഴുതകളെ കാണാതായതിനെ തുടര്‍ന്ന് ഉടമസ്ഥന്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടിച്ച കാര്യം അറിയുന്നത്. 

തുടര്‍ന്ന് കഴുതകളുടെ മോചനം ആവശ്യപ്പെട്ട് കമലേഷ് പോലീസ് സ്‌റ്റേഷനില്‍ എത്തി. എന്നാല്‍, കഴുതകളെ മോചിപ്പിക്കാന്‍ പോലീസ് തയാറായില്ല. തുടര്‍ന്ന് പ്രദേശിക ബിജെപി നേതാവ് ഇടപ്പെട്ടാണ് കഴുതയെ മോചിപ്പിച്ചത്.