റാഞ്ചി: കോവിഡ്-19 പ്രതിരോധത്തിനായുള്ള പി.എം. കെയേഴ്‌സ് ഫണ്ടിലേക്ക് ഓരോരുത്തരും 35,000 രൂപ സംഭാവന ചെയ്യണമെന്നും ആരോഗ്യസേതു ആപ്പ്  ഡൗണ്‍ലോഡ് ചെയ്യണമെന്നുമുള്ള വ്യവസ്ഥയില്‍ ആറുപേര്‍ക്ക് ജാമ്യം അനുവദിച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി. ബി.ജെ.പി. മുന്‍ എം.പി. സോം മരാംടി ഉള്‍പ്പെടെ ആറുപേര്‍ക്കാണ് ഈ വ്യവസ്ഥകളില്‍ ജാമ്യം അനുവദിച്ചത്.

തുക സംഭാവന ചെയ്ത ശേഷം അതിന്റെ തെളിവ് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു. ബി.ജെ.പി. മുന്‍ എം.പി. സോം മരാംടി, വിവേകാനന്ദ് തിവാരി, അമിത് അഗര്‍വാള്‍, ഹിസബി റായി, സഞ്ജയ് ബര്‍ധന്‍, അനുഗ്രഹ് പ്രസാദ് ഷാ എന്നിവര്‍ക്കാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനുഭ റാവത്ത് ചൗധരി ജാമ്യം അനുവദിച്ചത്. 

പുറത്തിറങ്ങിയ ശേഷം ഉടന്‍ ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും കോവിഡ്-19 പ്രതിരോധത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും കോടതിയുടെ ജാമ്യവ്യവസ്ഥയിലുണ്ട്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ സോമും സംഘവും റിമാൻഡിലായിരുന്നു. 

പാകുട് ജില്ലയില്‍ 2012 മാര്‍ച്ച് 15ന് ട്രെയിന്‍ തടയല്‍ പ്രതിഷേധം നടത്തിയതിനാണ് സോം മരാംടിക്കും കൂട്ടര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. റെയില്‍വേ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്, റെയില്‍വേസ് നിയമപ്രകാരം ഒരുവര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെഷന്‍സ് കോടതിയെ സമീപിച്ചു. എന്നാല്‍ അപേക്ഷ സെഷന്‍സ് കോടതി തള്ളി. പിന്നാലെ തിരുത്തല്‍ ഹര്‍ജിയുമായി ഇവര്‍ ഹൈക്കോടതിയിലെത്തുകയായിരുന്നു.

content highlights: donate to pm cares fund and and download aarogya setu app- Jharkhand high court's bail condition