ന്യൂഡല്‍ഹി: 2019 റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് അമേരിക്കന്‍ അധികൃതര്‍ അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥി ആകാന്‍ ട്രംപിനെ ക്ഷണിച്ചുകൊണ്ട് ഏപ്രിലില്‍ ഇന്ത്യ കത്തയച്ചിരുന്നു. കത്ത് ലഭിച്ചുവെന്ന് അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും ഇന്ത്യ-അമേരിക്ക വിദേശ, പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ചയായ 2+2 ഡയലോഗിന് ശേഷം മാത്രമേ അന്തിമ തീരുമാനം അറിയിക്കാനാകൂ എന്ന നിലപാടായിരുന്നു അമേരിക്ക സ്വീകരിച്ചിരുന്നത്. 

പിന്നീട് അമേരിക്കയുടെ എതിര്‍പ്പ് അവഗണിച്ചാണ്‌ എസ്400 ഉള്‍പ്പെടെ റഷ്യയുമായുണ്ടായ പ്രതിരോധ കരാറുകളും ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി തുടരാനും ഇന്ത്യ തീരുമാനിച്ചത്‌. നേരത്തേ കാറ്റ്‌സ നിയമ പ്രകാരം റഷ്യയില്‍ നിന്ന് ആയുധങ്ങളും പ്രതിരോധ സഹായങ്ങളും സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുമെന്ന് അമേരിക്ക അറിയിച്ചിരുന്നു. 

സഖ്യകക്ഷികളായ എല്ലാ രാജ്യങ്ങളും ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നവംബര്‍ 4നുള്ളില്‍ പൂര്‍ണമായും നിര്‍ത്തണമെന്ന് അമേരിക്ക നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇറക്കുമതി തുടരുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ.