പ്രതീകാത്മക ചിത്രം | photo: AFP
കാബൂള്‍: അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ ബിരുദാനന്തര ബിരുദത്തിന് ഉള്‍പ്പെടെ പഠനം തുടരാമെന്ന് താലിബാന്‍. എന്നാല്‍ ക്ലാസ് മുറികള്‍ ലിംഗപരമായി വേര്‍തിരിക്കുമെന്നും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്നും താലിബാന്‍ സര്‍ക്കാരിലെ ഉന്നത വിദ്യഭ്യാസ മന്ത്രി അബ്ദുള്‍ ഹഖാനി വ്യക്തമാക്കി.
കോളേജുകളില്‍ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് നിര്‍ബന്ധമാണെന്നും സര്‍വകലാശാലകളിലെ നിലവിലെ പാഠ്യപദ്ധതി താലിബാന്‍ വിശദമായി അവലോകനം ചെയ്യുമെന്നും ഹഖാനി പറഞ്ഞു. അഫ്ഗാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ നയങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
20 വര്‍ഷം പിന്നിലേക്ക് പോകാന്‍ താലിബാന്‍ ആഗ്രഹിക്കുന്നില്ല. അഫ്ഗാനില്‍ ഇന്ന് അവശേഷിക്കുന്നതില്‍ നിന്ന് പുതിയ വികസനങ്ങള്‍ സര്‍ക്കാര്‍ കെട്ടിപ്പടുക്കുമെന്നും മന്ത്രി പറഞ്ഞു.
1990കളുടെ അവസാനത്തില്‍ അഫ്ഗാന്‍ ഭരിച്ച താലിബാന്‍ അവരുടെ മുന്‍നയങ്ങളില്‍ നിന്ന് എത്രത്തോളം വ്യത്യസ്തമായി പ്രവര്‍ത്തിക്കുമെന്ന് ലോകം ഉറ്റുനോക്കുന്നതിനിടെയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ചുള്ള താലിബാന്റെ ഔദ്യോഗിക പ്രതികരണം. ആദ്യ ഭരണ കാലയളവില്‍ അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് താലിബാന്‍ വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. സ്ത്രീകള്‍ക്ക് പൊതുമധ്യത്തിലുള്ള ജീവിതത്തിനും വിലക്കുണ്ടായിരുന്നു.
സ്ത്രീകളോടുള്ള തങ്ങളുടെ സമീപനത്തില്‍ ഉള്‍പ്പെടെ മാറ്റമുണ്ടെന്ന് താലിബാന്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അഫ്ഗാനില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ മറിച്ചാണ്. തുല്യ അവകാശം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച വനിതാ പ്രതിഷേധക്കാരെ താലിബാന്‍ അടിച്ചോടിക്കുന്ന ദൃശ്യങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.
content highlights: Don't want to turn the clock back: Taliban say girls may study in no-men classrooms, hijabs must


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..