മമത ബാനർജി | Photo:PTI
കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബംഗാളില്‍ പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്ത്രമന്ത്രി അമിത്ഷായെയും ബിജെപി നേതാക്കളേയും വിമര്‍ശിച്ച് മമതാ ബാനര്‍ജി. കിഴക്കന്‍ മിഡ്നാപുരിലെ ഒരു റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മമത ബാനര്‍ജി. ബിജെപി നേതാക്കളെ ദുര്യോധനന്, ദുശ്ശാസനന്, മിര്‍ ജാഫിര്‍ എന്നെല്ലാമാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
'ബിജെപിയോട് യാത്രാമംഗളങ്ങള്‍ പറയൂ, നമുക്ക് ബിജെപി വേണ്ട, നാം മോദിയുടെ മുഖം കാണാന്‍ ആഗ്രഹിക്കുന്നില്ല. കലാപങ്ങള്‍, കൊളള, ദുര്യോധനന്, ദുശ്ശാസനന്, മിര്‍ ജാഫിര്‍ എന്നിവയൊന്നും നമുക്ക് വേണ്ട.' മമത ബാനര്‍ജി പറഞ്ഞു.
തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയെയും മമത വിമര്‍ശിച്ചു. 'ഇന്ന് മിഡ്നാപുരില്‍ എവിടെ വേണമെങ്കിലും വരാന്‍ എനിക്ക് സ്വാതന്ത്ര്യമുണ്ട്. ആദ്യമെല്ലാം ഞാന്‍ എവിടെയാണ് ഞാന്‍ പോകേണ്ടതെന്ന് ചോദിച്ചിരുന്നു. ഞാനവരെ അന്ധമായി സ്നേഹിച്ചു, എന്നാല്‍ അവരെന്നെ വഞ്ചിച്ചു. 2014 മുതല്‍ അവര്‍ക്ക് ബിജെപിയുമായി അടുപ്പമുണ്ടായിരുന്നു. അവരെ വിശ്വസിച്ചിരുന്നുവെന്നതില്‍ എനിക്ക് ഖേദമുണ്ട്.' മമത കൂട്ടിച്ചേര്‍ത്തു.
തന്റെ മുദ്രാവാക്യം പ്രധാനമന്ത്രി അപഹരിച്ചതായി ആരോപിച്ച മമത മോദിയെ കോപി ക്യാറ്റ് എന്നാണ് വിശേഷിപ്പിച്ചത്. കാലിന് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് വീല്‍ചെയറിലാണ് മമതയുടെ പര്യടനം. മമതയുടെ പത്തുവര്‍ഷത്തെ ഭരണം അവസാനിക്കുകയാണെന്നും ഇനി വികസനം ആരംഭിക്കുമെന്നും വ്യാഴാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്യവേ മോദി അഭിപ്രായപ്പെട്ടിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..