മുംബൈ: ബാന്ദ്രയില്‍ ചൊവ്വാഴ്ച കുടിയേറ്റത്തൊഴിലാളികള്‍ കൂട്ടമായെത്തിയത് കുപ്രചരണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും തൊഴിലാളികളുടെ വികാരങ്ങള്‍ മുതലെടുത്ത് അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജ്യവ്യാപക ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്വദേശത്തേക്ക് മടങ്ങാനായി തൊഴിലാളികള്‍ കൂട്ടമായെത്തിയത്.
'അവര്‍ പാവങ്ങളാണ്. ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. അവരുടെ വികാരം വച്ച് മുതലെടുപ്പിന് ശ്രമിക്കരുത്- ഉദ്ധവ് പറഞ്ഞു.
ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുമെന്നുള്ള തെറ്റായ പ്രചരണത്തെ തുടര്‍ന്നാണ് കുടിയേറ്റത്തൊഴിലാളികള്‍ എത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോലീസെത്തിയാണ് ഇവരെ പിരിച്ചുവിട്ടത്.
തെറ്റായ വാര്‍ത്ത പ്രചരിച്ചതെവിടെ നിന്നാണെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് 2687 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതില്‍ 1700 കേസുകള്‍ മുംബൈ നഗരത്തിലാണ്. കൊറോണഭീഷണി വന്‍തോതില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബാന്ദ്രയിലെത്തിയ നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിടാന്‍ പോലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നു.
സര്‍ക്കാര്‍ തൊഴിലാളികളോടൊപ്പമുണ്ടെന്ന് താക്കറെ ഉറപ്പുനല്‍കി. കേന്ദ്രസര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ലോക്ക് ഡൗണെന്നാല്‍ തടവിലിടുന്നതല്ലെന്ന് തിരിച്ചറിയണമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. ഭക്ഷണമുള്‍പ്പെടെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ നാടുകളിലേക്ക് മടങ്ങാന്‍ എത്തിച്ചേര്‍ന്നതെന്ന ആരോപണം താക്കറെ നിഷേധിച്ചു.
Content Highlights: Don't Play With Their Emotions Uddhav Thackeray Warns Rumour-Mongers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..