ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിനുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയം കളിക്കരുതെന്ന് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ഥിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്തെ പൗരന്മാരെല്ലാം പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചുവെന്ന് ഉറപ്പാക്കുന്നതിനായി എല്ലാവരും ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാക്കുന്നതിനായി യുഎസ് വാക്‌സിന്‍ കമ്പനിയായ ഫൈസറുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. 

കോവിഡ്, കോവിഡ് പ്രതിരോധ വാക്‌സിന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ രാഷ്ട്രീയം ഉണ്ടാകരുത്. പ്രധാനമന്ത്രി ഇക്കാര്യം പലതവണ പറഞ്ഞിട്ടുളളതാണ്.' പാര്‍ലമെന്റില്‍ ശിവസേന എംപി രാഹുല്‍ ഷെവാലെ ഉന്നയിച്ച ഒരു ചോദ്യത്തിന് മറുപടി നല്‍കവേ ആരോഗ്യമന്ത്രി പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് രാഷ്ട്രീയക്കളിക്ക് താനും മുതിരുന്നില്ലെന്ന് പറഞ്ഞ ആരോഗ്യമന്ത്രി എന്നാല്‍ ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ലെന്നും വ്യക്തമാക്കി. 

രാജ്യത്ത് കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഇരുപതോളം കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടത്തിയതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ ആരോഗ്യം സംസ്ഥാന സര്‍ക്കാരിന്റെ വിഷയമാണെന്നും അവരെ വിശ്വാസത്തിലെടുക്കണമെന്നുമാവശ്യപ്പെട്ട് പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിരുന്നു. വാക്‌സിന്‍ വാങ്ങുന്നതിന് അനുമതി നല്‍കണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ എന്തുസഹായവും നല്‍കാന്‍ തയ്യാറാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സംസ്ഥാനങ്ങള്‍ക്കും സ്വകാര്യമേഖലയ്ക്കും 25 ശതമാനം വീതം വാക്‌സിന്‍ വാങ്ങുന്നതിനുളള അനുമതി നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്കായി അമ്പതുശതമാനം കേന്ദ്രം സംഭരിക്കും. 25 ശതമാനം വാക്‌സിന് വേണ്ടിയുളള ടെണ്ടറാണ് സംസ്ഥാനങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ എല്ലാ സഹായവും കേന്ദ്രം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

വാക്‌സിന്‍ വിതരണക്കാര്‍ കുറവാണ്. ആകെ രണ്ടു ഇന്ത്യന്‍ കമ്പനികള്‍ മാത്രമാണ് വാക്‌സിന്‍ ഉല്പാദനം ആരംഭിച്ചിട്ടുളളത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും. മൊഡേണ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അനുമതിയും വാങ്ങിയിട്ടുണ്ട്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബയോളജിക്കല്‍ ഇയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായിട്ടുണ്ട്. സാങ്കേതിക കൈമാറ്റം സംബന്ധിച്ചുളള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ഫൈസറുമായി ഇന്ത്യന്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയാണ്. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യില്ലെന്നാണ് ഫൈസര്‍ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി സൂചിപ്പിച്ചു. 

സംസ്ഥാന മുഖ്യമന്ത്രിമാരുമായുളള കൂടിക്കാഴ്ചക്കിടെ നിരവധി മുഖ്യമന്ത്രിമാര്‍ സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചിരുന്നു. 

'പ്രശ്‌നം രാഷ്ട്രീയമാണ്. എന്നാല്‍ ഈ വിഷയത്തില്‍ രാഷ്ട്രീയം പാടില്ല. 18 മുകളില്‍ പ്രായമുളള 100 ശതമാനം പേര്‍ക്കും വാക്‌സിന്‍ വിതരണം നല്‍കുക എന്നുളളതാണ് ഞങ്ങളുടെ ലക്ഷ്യം. ഇക്കാര്യത്തിന് നമ്മളെല്ലാവരും ഒന്നിച്ചുപ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇത് രാഷ്ട്രീയക്കളികള്‍ക്കുളള സമയമല്ല.' മാണ്ഡവ്യ പറഞ്ഞു. 

Content Highlights:Don't indulge in politics over Covid vaccines: Mandaviya tells Oppn