ന്യൂഡല്‍ഹി: ഹരിയാണയിലെ ഫരീദാബാദില്‍ തീയിട്ടു കൊന്ന ദളിത് കുട്ടികളെ അവഹേളിച്ച കേന്ദ്രമന്ത്രി വി.കെ.സിങ്ങിനെതിരെ വ്യാപക പ്രതിഷേധം. ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ അതിന് ഉത്തരവാദികള്‍ കേന്ദ്ര സര്‍ക്കാരല്ല എന്നായിരുന്നു മുന്‍ സൈനിക മേധാവി കൂടിയായ സിങ്ങിന്റെ അഭിപ്രായപ്രകടനം.
സംഭവം വിവാദമായതോടെ വി.കെ സിങ് വൈകിട്ട് ട്വിറ്ററിലൂടെ മാപ്പു പറഞ്ഞു. രാജ്യത്തിന് വേണ്ടി പോരാടിയ ആളാണ് താന്‍. വിഭാഗീയതയില്‍ വിശ്വസിക്കുന്നില്ല. ആരേയും ലക്ഷ്യം വച്ചായിരുന്നില്ല തന്റെ പ്രസ്താവന. പ്രതിപക്ഷത്തെ ചിലര്‍ അനാവശ്യമായി തങ്ങളെ ലക്ഷ്യം വെക്കുന്നു- വി.കെ സിങ് പറഞ്ഞു
പ്രസ്താവനക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനവുമായെത്തിയപ്പോള്‍ സിങിന് പിന്തുണയുമായി ബി.ജെ.പി രംഗത്തുവന്നു. വിവാദ പ്രസ്താവനയില്‍ കേന്ദ്രമന്ത്രി വി.കെ സിംഗിന്റെ പ്രസ്താവന തൃപ്തികരമാണെന്ന് ബി.ജെ.പി. വി.കെ സിംഗ് ആരെയും അപമാനിച്ചിട്ടില്ലെന്നും ബിജെപി വക്താവ് സാമ്പിത് പത്ര ഡല്‍ഹിയില്‍ പറഞ്ഞു.
ജാതി പരാമര്‍ശം നടത്തിയ സിങിനെതിരെ കേസെടുക്കണമെന്നും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സി.പി.എം പി.ബി അംഗം ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു. സിങ് രാജിവെക്കണമെന്ന് കോണ്‍ഗ്രസും ആവശ്യമുന്നയിച്ചു. സിങ് മാപ്പു പറയണമെന്ന് യോഗേന്ദ്ര യാദവും ആവശ്യപ്പെട്ടിരുന്നു.
ഫരീദാബാദ് സംഭവത്തെ സര്‍ക്കാരുമായി ബന്ധിപ്പിക്കരുത്. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിന് പിറകില്‍. അതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. ഇതു പറഞ്ഞശേഷമായിരുന്നു സിങ്ങിന്റെ വിവാദ പരാമര്‍ശം.
മേല്‍ജാതിക്കാര്‍ തീയിട്ടുകൊന്ന രണ്ടര വയസ്സ് പ്രായമുള്ള വൈഭവിന്റെയും പതിനൊന്ന് മാസം പ്രായമായ ദിവ്യയുടെയും മൃതദേഹം ബുധനാഴ്ച വൈകീട്ടാണ്, വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍, സംസ്‌കരിച്ചത്.