ന്യൂഡല്‍ഹി: ഗോ രക്ഷയുടെ പേരിലും മറ്റും നടക്കുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ പ്രധാനമന്ത്രിയേയും ബിജെപിയേയും കുറ്റപ്പെടുത്തരുതെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എല്ലാ സമൂഹത്തിലും കുറച്ച് ബുദ്ധിശൂന്യരുണ്ടാകും, അതിന്റെ പേരില്‍ ഒരു പ്രത്യേക നേതാവിനെ കുറ്റപ്പെടുത്താനാകില്ലെന്നും കണ്ണന്താനം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ബിജെപിക്കോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ ഇത്തരത്തില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നടക്കുന്ന എല്ലാ ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും ക്രിമിനല്‍ കുറ്റമാണ്. ഇതില്‍ പങ്കാളികളാകുന്നവരെയെല്ലാം ജയിലിലടക്കണം. രാജ്യത്ത് 130 കോടി ജനങ്ങളുണ്ട്. അതില്‍ ചില ബുദ്ധിശൂന്യരുമുണ്ട്. ലോകത്ത് എല്ലായിടത്തുമുണ്ട് ഇങ്ങനെയുള്ളവരെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. 

എന്ത് ഭക്ഷിക്കണമെന്നത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്, അതില്‍ ബിജെപി ഇടപെടില്ല. ഗോവയിലും കേരളത്തിലും ബീഫ് കഴിക്കുന്നതിനും വില്‍ക്കുന്നതിനും യാതൊരു തടസ്സമില്ലെന്ന് മന്ത്രിസ്ഥാനം ഏറ്റെടുത്തശേഷം കണ്ണന്താനം പറഞ്ഞിരുന്നു. അടുത്ത ദിവസം തന്നെ തിരുത്തലുകളുമായി അദ്ദേഹം രംഗത്തെത്തുകയും ചെയ്തു. വിദേശികള്‍ സ്വന്തം നാട്ടില്‍ നിന്ന് ബീഫ് കഴിച്ച് ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്നായിരുന്നു അദ്ദേഹം നടത്തിയ പ്രസ്താവന.