പ്രധാനമന്ത്രി നരേന്ദ്രമോദി|Photo: PTI
ന്യൂഡല്‍ഹി: കേന്ദ്രം പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലുകളേപ്പറ്റി തെറ്റായ വിവരങ്ങളാണ് പ്രചരിക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറില്‍ നിര്‍മിച്ച റെയില്‍വേ പാലം രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ സംസാരിക്കവേയാണ് മോദി ഇക്കാര്യം പറഞ്ഞത്. ബില്ലുകളുമായി ബന്ധപ്പെട്ട് വലിയ കര്‍ഷക പ്രതിഷേധം നടക്കുകയും മന്ത്രിസഭയില്‍ നിന്ന് അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അരിയും ഗോതമ്പും സര്‍ക്കാര്‍ ഏജന്‍സികള്‍ കര്‍ഷകരില്‍ നിന്ന് സംഭരിക്കില്ലെന്ന പ്രചാരണവും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പച്ചക്കള്ളമാണെന്നും കര്‍ഷകരെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും പ്രധാനമന്ത്രി ആരോപിച്ചു.
കാര്‍ഷിക ബില്ലുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന തെറ്റായ പ്രചാരണങ്ങളേപ്പറ്റി ജാഗ്രതപുലര്‍ത്തണമെന്നും മോദി കര്‍ഷകരോട് ആവശ്യപ്പെട്ടു. കര്‍ഷകരെ അവരുടെ ദുരിതത്തില്‍ നിലനിര്‍ത്തുകയും ചൂഷണം ചെയ്യുകയുമാണ് ഇത്തരക്കാരുടെ ഉദ്ദേശ്യം. കര്‍ഷകരെക്കുറിച്ചും അവരുടെ പ്രശ്നങ്ങളെക്കുറിച്ചും വളരെയധികം സംസാരിക്കുന്ന ഇവര്‍ പതിറ്റാണ്ടുകളായ് അധികാരത്തിലിരുന്നിട്ടും കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും മോദി ആരോപിച്ചു.
മിനിമം താങ്ങുവിലയിലൂടെ കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പുനല്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കാർഷിക ബില്ലുകൾ ചരിത്രപരമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
Content Highlights: "Don't Be Misled": PM To Farmers As Politics Heats Up Over Agri Bills
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..