ന്യൂഡല്‍ഹി: ഭീമാ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖയെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി. മഹാരാഷ്ട്ര സര്‍ക്കാരിനാണ് സുപ്രീം കോടതി ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. 

ഗൗതം നവ്ലാഖയ്‌ക്കെതിരെയും മറ്റ് നാല് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരായ തെളിവുകള്‍ കോടതിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഹാജറാക്കി. ഭീമ കോറെഗാവ് യുദ്ധവിജയത്തിന്റെ 200-ാം വാര്‍ഷികദിനത്തിന്റെ ഭാഗമായി 2018 ജനുവരി ഒന്നിന് നടന്ന ദളിത് സംഗമത്തിനും അതിനു മുന്നോടിയായി നടന്ന എല്‍ഗാര്‍ പരിഷത്ത് എന്ന യോഗത്തിനും മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പോലീസ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത്.

തെലുങ്ക് കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു, സന്നദ്ധ പ്രവര്‍ത്തകരായ അരുണ്‍ ഫെരേര, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അഭിഭാഷക സുധ ഭരദ്വാജ് എന്നിവര്‍ക്കെതിരേയും കേസുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയാണ് കേസില്‍ ഗൗതം നവ്ലാഖയ്ക്ക് വേണ്ടി ഹാജറായത്.

2018 ല്‍ എഫ്.ഐ.ആര്‍ രെജിസ്ടര്‍ ചെയ്യുമ്പോള്‍ ഗൗതം നവ്ലാഖയുടെ പേരില്ലായിരുന്നെന്ന് സിങ്‌വി ചൂണ്ടിക്കാട്ടി. അദ്ദേഹം നിരുപാധികമായി സംഘര്‍ഷത്തിനെതിരെ സംസാരിച്ചിരുന്നു. അദ്ദേഹം ഒരു നിരോധിക്കപ്പെട്ട സംഘടനയുടെയും ഭാഗമല്ല. അദ്ദേഹം സഹതാപം പ്രകടിപ്പിച്ചു എന്നത് മാത്രമാണ് ആരോപണമെന്നും സിങ്‌വി കോടതിയില്‍ വ്യക്തമാക്കി. നേരത്തെ തനിക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗൗതം നവലാഖ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് മൂന്നോളം ജഡ്ജിമാര്‍ പിന്മാറിയിരുന്നു. 

ഭീമാ കൊരെഗാവില്‍ ജനുവരി ഒന്നിനുണ്ടായ മറാഠ- ദളിത് സംഘര്‍ഷത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് മാവോവാദിബന്ധം ആരോപിച്ച് ഗൗതം നവ്ലാഖയടക്കം അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ പുണെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീംകോടതി ഇവരെ വിട്ടുതടങ്കലില്‍ വിട്ടു. വീട്ടുതടങ്കലില്‍ നിന്ന് മോചനം ലഭിക്കാന്‍ കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് ഗൗതം നവ്ലാഖ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. നവ്ലാഖയെ ഡല്‍ഹിയില്‍ നിന്ന് കൊണ്ടുപോകാന്‍ വിചാരണക്കോടതി ഇറക്കിയ ട്രാന്‍സിസ്റ്റ് റിമാന്‍ഡ് റദ്ദാക്കി കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തെ മോചിപ്പിച്ചത്. ട്രാന്‍സിസ്റ്റ് റിമാന്‍ഡ് അനുവദിച്ച ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ടിന്റെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന് കാണിച്ചായിരുന്നു ഹൈക്കോടതി നടപടി.

Don't Arrest Activist Gautam Navlakha, Supreme Court Tells Maharashtra