ന്യൂഡല്‍ഹി: ഡോക്ലാമില് ചൈന ഹെലിപ്പാഡുകളും ട്രഞ്ചുകളും നിര്‍മ്മിക്കുന്നതായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്ക് ഭീഷണിയല്ലെന്നും അവര്‍ പാര്‍ലമെന്റിനെ അറിയിച്ചു. ശൈത്യകാലത്ത് സൈന്യത്തെ ഡോക്ലാമില് നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
രണ്ടര മാസംനീണ്ട സംഘര്‍ഷാവസ്ഥ 2017 ഓഗസ്റ്റില്‍ അവസാനിച്ചതിനു പിന്നാലെ ഇന്ത്യയും ചൈനയും ഡോക്ലാമിലെ സൈനികരുടെയെണ്ണം കുറച്ചിരുന്നു. മുഖാമുഖംവന്ന ഇരുരാജ്യത്തിന്റെയും സൈനികര്‍ പിന്മാറ്റം നടത്തി. അതിനുശേഷം ഡോക്ലാമിലെ സ്ഥിതിഗതികള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.
ഫ്ളാഗ് മീറ്റിങ്ങുകളും ബോര്‍ഡര്‍ പേഴ്സണല്‍ മീറ്റിങ്ങുകളും നടത്തുന്നുണ്ട്. നയതന്ത്ര ഇടപെടലുകളും നടത്തുണ്ട്. ശൈത്യകാലത്ത് സൈന്യത്തെ നിലനിര്‍ത്താന്‍ മാത്രമാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെന്നും പ്രതിരോധമന്ത്രി അറിയിച്ചു.