ന്യൂഡൽഹി: വളർത്തുപട്ടിയോടൊപ്പം യാത്ര ചെയ്യാൻ വേണ്ടി എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസ് ക്യാബിൻ മുഴുവനായും ബുക്ക് ചെയ്ത് യുവതി. സെപ്റ്റംബർ പതിനഞ്ചിന് മുബൈയിൽ നിന്നും ചെന്നൈയിലേക്ക് എയർ ഇന്ത്യയുടെ എഐ 671 വിമാനത്തിലായിരുന്നു വളർത്തു പട്ടിയെയും കൊണ്ടുള്ള യുവതിയുടെ യാത്ര. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം   റിപ്പോർട്ട് ചെയ്തത്. 

സാധാരണനിലയിൽ ഒരു ബിസിനസ് ക്ലാസ് ടിക്കറ്റിന് ഇരുപതിനായിരം രൂപയാണ് ചെലവ്. വിമാനത്തിൽ ആകെയുള്ള 12 ബിസിനസ് ക്ലാസ്സ് സീറ്റുകളും യുവതി ബുക്ക് ചെയ്തു. അങ്ങനെ മൊത്തം 2.5 ലക്ഷം രൂപ ചെലവ് വന്നു.

വളർത്തു മൃഗങ്ങളെ നിബന്ധനകളോടെ യാത്ര ചെയ്യാൻ അനുവദിക്കുന്ന രാജ്യത്തെ ഏക ഇന്ത്യൻ വിമാന കമ്പനിയാണ് എയർ ഇന്ത്യ. ഒരു വിമാനത്തിൽ പരമാവധി രണ്ട് വളർത്തു മൃഗങ്ങളെ വരെ യാത്രയിൽ കൂടെ കൊണ്ട് പോകാൻ സാധിക്കും. ബുക്ക് ചെയ്ത ക്ലാസിന്റെ അവസാന നിരയിൽ വളർത്തു മൃഗങ്ങളെ ഇരുത്തുകയാണ് ചെയ്യുന്നത്. ഇതിനായി എയർ ഇന്ത്യ ഫീസും ഈടാക്കിയിരുന്നു. 

എന്നാൽ ഇതാദ്യമായാണ് ഒരാൾ വളർത്തു മൃഗങ്ങൾക്ക് വേണ്ടി മുഴുവൻ ബിസിനസ് ക്ലാസ് ക്യാബിനും ബുക്ക് ചെയ്യുന്നത്.

കഴിഞ്ഞ വർഷം ജൂണിനും സെപ്റ്റംബറിനും ഇടയിൽ എയർ ഇന്ത്യയിൽ 2000 വളർത്തുമൃഗങ്ങളെ യാത്ര ചെയ്യാന അനുവദിച്ചതായാണ് റിപ്പോർട്ട്.

Content highlights: Dog owner books Air India flight's entire business class cabin for her pet