കാണ്‍പുര്‍: വളര്‍ത്തുമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്റെ നിരവധി കഥകള്‍ നാം കേള്‍ക്കാറുണ്ട്. അത്തരമൊന്നാണ് ഇപ്പോള്‍ ഉത്തര്‍ പ്രദേശില്‍നിന്ന് വരുന്നത്. ഉടമ മരിച്ചതിനു പിന്നാലെ കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി ചത്ത വളര്‍ത്തുനായയെക്കുറിച്ചുള്ളതാണിത്. ആരുടെയും ഹൃദയത്തെ സ്പര്‍ശിക്കുന്നതാണ് ഈ വളര്‍ത്തുനായയുടെ കഥ.

കാണ്‍പുരിലെ ബാര-2 ഏരിയയില്‍ താമസിക്കുന്ന ഡോ. അനിതരാജ് സിങ് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് മരിച്ചത്. മൃതദേഹം ഇവരുടെ അപ്പാര്‍ട്‌മെന്റില്‍ എത്തിച്ചതിനു തൊട്ടു പിന്നാലെ ഇവരുടെ വളര്‍ത്തുനായ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേയ്ക്കു ചാടി ചത്തതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

ഡോ. അനിതരാജിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയായിരുന്നു ജയ. പന്ത്രണ്ട് വര്‍ഷം മുന്‍പ് തെരുവില്‍നിന്ന് കിട്ടിയതായിരുന്നു അതിനെ. പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ നായ്കുട്ടിയെ ഡോക്ടര്‍ ഏറ്റെടുക്കുകയും ഏറെ ശ്രമപ്പെട്ട് ചികിത്സയും പരിചരണങ്ങളും നല്‍കി ജീവിതത്തിലേയ്ക്ക് തിരികെയെത്തിക്കുകയും ചെയ്തു. ജയ എന്നു പേരും ഇട്ടു. സ്വന്തം കുഞ്ഞിനെപ്പോലെയാണ് ഡോക്ടര്‍ അതിനെ വളര്‍ത്തിയതെന്ന് മകന്‍ തേജസ് പറയുന്നു.

വൃക്കരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഡോ. അനിത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ചയോടെ രോഗം മൂര്‍ച്ഛിക്കുകയും അവര്‍ മരിക്കുകയും ചെയ്തു. മൃതദേഹം വീട്ടിലെത്തിച്ചതോടെ ജയ അസ്വസ്ഥയാവുകയും തുടര്‍ച്ചയായി കുരയ്ക്കുകയും ചെയ്തു. തുടര്‍ന്ന് കെട്ടിടത്തിന്റെ ടെറസിലേയ്ക്ക് ഓടിക്കയറി, താഴേയ്ക്കു ചാടുകയായിരുന്നെന്ന് തേജസ് പറയുന്നു.

നാലു നില കെട്ടിടത്തിനു മുകളില്‍നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ നായയെ മൃഗഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും ചാവുകയായിരുന്നു. ഉയരത്തില്‍നിന്നുള്ള വീഴ്ചയില്‍ നായയുടെ നട്ടെല്ല് തകര്‍ന്നതാണ് മരണത്തിനിടയാക്കിയത്. ഡോ. അനിത ആശുപത്രിയില്‍ ചികിത്സയിലായതു മുതല്‍ ശരിയായി ഭക്ഷണം കഴിക്കാതെ നായ ക്ഷീണിതയായിരുന്നെന്നും തേജസ് പറഞ്ഞു.

ഡോ. അനിതയുടെ ശവസംസ്‌കാരത്തിനു പിന്നാലെ വളര്‍ത്തുനായയുടെ മൃതദേഹവും വീടിനടുത്ത് സംസ്‌കരിച്ചു.