ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ എല്ലാ വിഷയങ്ങളിലും കടുത്ത ഏകാധിപത്യ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചര്‍ച്ചകളുടെ ഒരു സാധ്യതകളിലും അവര്‍ വിശ്വസിക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.
 
ചര്‍ച്ചകള്‍ നടത്താനുള്ള എല്ലാ അവസരങ്ങളില്‍ നിന്നും അവര്‍ അകന്ന് നില്‍ക്കുകയാണ്. അറിവിന്റെ കാര്യത്തില്‍ അവര്‍ക്ക് കുത്തകാവകാശം ഉള്ളതായി അവര്‍ നമ്മെ വിശ്വസിപ്പിക്കുകയാണ്. രാജ്യത്തെ കുറിച്ചും നമ്മുടെ ജനതയുടെ സ്വപ്‌നങ്ങളെ കുറിച്ചും അറിയുന്നവര്‍ അവര്‍ മാത്രമാണ് എന്നാണ് അവര്‍ വിശ്വസിപ്പിക്കുന്നത്.
 
താന്‍ തീര്‍ത്ഥാടന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് ബി.ജെ.പിയെ ഭ്രാന്തുപിടിപ്പിച്ചത് എന്തിനാണെന്ന് താന്‍ ഇപ്പോഴും അത്ഭുതപ്പെടാറുണ്ട്. അമ്പലങ്ങളിലോ പള്ളിയിലോ ഗുരുദ്വാരയിലോ ഞാൻ പോകാന്‍ പാടില്ലാത്തത് എന്തുകൊണ്ടാണ്. ബി.ജെ.പി കരുതുന്നത് അവര്‍ക്ക് മാത്രമാണ് അമ്പലങ്ങളില്‍ പോകാന്‍ കഴിയുക എന്നാണ്.
 
കശ്മീര്‍ വിഷയത്തില്‍ പല തവണ താന്‍ അരുണ്‍ ജെറ്റ്‌ലിയുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും അവര്‍ അവഗണിച്ചു. പിന്നീട് ജെയ്റ്റ്‌ലി തന്നെ കാണാന്‍ വന്നപ്പോള്‍ താന്‍ കശ്മീര്‍ വിഷയം സംസാരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഒരു പ്രശ്‌നവുമില്ലെന്നായിരുന്നു മറുപടി. 
 
നോട്ട് നിരോധനവും ജി.എസ്.ടിയും രാജ്യത്തെ കച്ചവടക്കാരുടെ നട്ടെല്ലൊടിച്ചു. ജനങ്ങളുമായുള്ള സംവാദങ്ങള്‍ നടക്കാതെ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കഴിയില്ല. ഞങ്ങളും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം ഞങ്ങള്‍ ജനങ്ങളില്‍ വിശ്വസിക്കുന്നു എന്നതാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
 
content highlights: Does BJP have monopoly over temples : Rahul Gandhi