-
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ പ്രദേശത്ത് ചൈന കടന്നുകയറ്റം നടത്തിയതായി പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ വന്ന ഒരു റിപ്പോർട്ടിൽ സമ്മതിച്ചിരുന്നു. രണ്ടു ദിവസത്തിന് ശേഷം ഈ റിപ്പോർട്ടിന്റെ പേജ് വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി. റിപ്പോർട്ട് ഉയർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണിത്.
'മെയ് അഞ്ചുമുതൽ ചൈനീസ് ആക്രമണം യഥാർത്ഥ നിയന്ത്രണ രേഖയിലും ഗാൽവൻ താഴ്വരയിലും വർദ്ധിച്ചുവരികയാണ്. മെയ് 17,18 തിയതികളിൽ കുഗ്രാങ് നള (പട്രോളിങ് പോയിന്റ് 15-ന് സമീപം), ഗോഗ്ര (പിപി-17എ), പാങ്കോങ് തടാകത്തിന്റെ വടക്കൻ തീരങ്ങൾ എന്നിവിടങ്ങളിൽ ചൈനീസ് പക്ഷം അതിക്രമിച്ചു കയറി' പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറഞ്ഞു.
സ്ഥിതിഗതികൾ വിശദീകരിക്കുന്നതിനായി ഇരുവിഭാഗവും തമ്മിൽ സൈനികതല ആശയവിനിമയം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂൺ ആറിന് കോർ കമാൻഡർ തല യോഗം നടന്നു. എന്നാൽ ജൂൺ 15-ന് സൈനികർ മുഖാമുഖം വരികയും ഏറ്റുമുട്ടലുണ്ടാകുകയും ഇരുപക്ഷത്തും ആളപായം ഉണ്ടായതായും റിപ്പോർട്ട് വിശദീകരിക്കുന്നു.
ചൈനയുമായുള്ള സംഘർഷം നീണ്ടും നിൽക്കാമെന്നും വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിന് ഉടനടി നടപടി ആവശ്യമാണെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇന്ന് രാവിലെ മുതൽ ഈ റിപ്പോർട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ കാണാനില്ല. ലിങ്ക് തുറക്കാനാകുന്നില്ല. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിക്കുന്ന ആദ്യ ഔദ്യോഗിക റിപ്പോർട്ടാണിത്. ഇന്ത്യൻ ഭൂമി ചൈന കൈയേറിയെന്ന് പ്രതിപക്ഷം നിരന്തരം ആരോപിച്ചിരുന്നെങ്കിലും സർക്കാർ ഇക്കാര്യം തള്ളികളയുകയാണ് ഉണ്ടായിരുന്നത്.
ജൂൺ 15-ന് ഗാൽവൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചിരുന്നു. ഒരിഞ്ച് ഭൂമി പോലും ആരും കൈയേറിയിട്ടില്ലെന്നായിരുന്നു ഇതിന് പിന്നാലെ വിളിച്ച സർവ്വകക്ഷി യോഗത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പ്രതിരോധ മന്ത്രിലയത്തിന്റെ റിപ്പോർട്ട് ഉയർത്തികാട്ടി പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ പ്രതിപക്ഷ നേതാക്കൾ.
Content Highlights:document admitting chinese intrusions removed from defence ministry site


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..