ലഖ്‌നൗ: കോവിഡ് രോഗത്തില്‍നിന്ന് സംരക്ഷണം നല്‍കുമെന്ന് വാഗ്ദാനംചെയ്ത് വിറ്റഴിക്കുന്ന കൊറോണ കാര്‍ഡുകളുടെ കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഉത്തര്‍പ്രദേശിലെ ഡോക്ടര്‍മാര്‍. ഗോ കൊറോണ, ഷട്ടൗട്ട് കൊറോണ, കൊറോണ ഔട്ട് എന്നീ പേരുകളില്‍ വിറ്റഴിക്കുന്ന കാര്‍ഡുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത് എന്തുകൊണ്ടാണെന്ന് ഡോക്ടര്‍മാര്‍ ചോദിക്കുന്നു.

തിരിച്ചറിയല്‍ കാര്‍ഡുകള്‍പോലെ കഴുത്തില്‍ അണിയാവുന്നവയാണ് കൊറോണ കാര്‍ഡുകള്‍. അവ ധരിച്ചാല്‍ കൊറോേണ വൈറസ് ബാധയില്‍നിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് അവകാശവാദം. 

ലോകാരോഗ്യ സംഘടനയോ രാജ്യത്തെ ഐസിഎംആറോ ഇത്തരം കാര്‍ഡുകളെപ്പറ്റി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്ന കാര്യം ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് കാൺപുരിലെ ജിഎസ്‌വിഎം മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വികാസ് മിശ്ര പറഞ്ഞു. ജനങ്ങള്‍ അവ ധരിച്ച് സുരക്ഷിതത്വം ലഭിക്കുമെന്ന മിഥ്യാധാരണയില്‍ ആള്‍ക്കൂട്ടം ഉള്ള സ്ഥലങ്ങളിലെല്ലാം പോകുന്നത് അപകടകരമാണ്. അവര്‍ക്കെല്ലാം കോവിഡ് ബാധിക്കാനുള്ള സാധ്യത ഏറെയാണ്. പരീക്ഷണത്തിലൂടെ തെളിയിക്കപ്പെടാത്ത ഒരു ഉത്പന്നം കോവിഡ് ബാധയില്‍നിന്ന് സംരക്ഷണം നല്‍കുമെന്ന് വിശ്വസിക്കുന്നവര്‍ വിഡ്ഢികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവയ്ക്ക് ഒരു ആധികാരിക കേന്ദ്രവും അംഗീകാരം നല്‍കിയിട്ടില്ലെന്ന് ലഖ്‌നൗവിലെ കമല ശ്രീവാസ്തവ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കാര്‍ഡിനുള്ളില്‍ എന്താണെന്ന് ആര്‍ക്കും അറിയില്ല. കുന്തിരിക്കത്തിന്റെ മണമുള്ളവയാണ് ചില കാര്‍ഡുകളെന്നും അവര്‍ പറഞ്ഞു.

യു.പിയില്‍ കൊറോണ കാര്‍ഡിന് വന്‍ വില്‍പ്പനയാണെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 75 മുതല്‍ 130 രൂപ വരെയാണ് വില. കാര്‍ഡിനുള്ളില്‍ എന്താണ് ഉള്ളതെന്ന് അറിയില്ലെങ്കിലും അവയ്ക്ക് വന്‍ വില്‍പ്പനയാണെന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉടമ വിക്രം സിങ് പറഞ്ഞു.രണ്ട് മാസമായി പ്രതിദിനം 50 -60 കാര്‍ഡുകള്‍ ഓരോ ദിവസവും വിറ്റഴിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Doctors in UP warn those wearing dubious 'Corona cards'