ന്യൂഡല്‍ഹി: പരീക്ഷണ ട്രയലുകള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ കോവാക്‌സിന്‍ കുത്തിവെപ്പെടുക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍.
കോവിഡ് വാക്‌സിനേഷന്‍ യജ്ഞം രാജ്യത്തുടനീളം ആരംഭിച്ച ദിവസം തന്നെയാണ് ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ (ആര്‍എംഎല്‍) ആശുപത്രിയിലെ റസിഡന്റ് ഡോക്ടര്‍മാര്‍ ആശുപത്രി സൂപ്രണ്ടിന് ഇതുമായി ബന്ധപ്പെട്ട് കത്ത് നല്‍കിയത്. പരിശോധനകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഡോക്ടര്‍മാര്‍ കോവാക്‌സിനെ ഭയപ്പെടുന്നുവെന്നാണ് ആര്‍എംഎല്‍ ഹോസ്പിറ്റലിലെ റസിഡന്റ് ഡോക്ടര്‍മാരുടെ അസോസിയേഷന്‍ അറിയിച്ചത്. പകരം സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവി ഷീല്‍ഡ് വാക്‌സിനാണ് അവര്‍ക്ക് താത്പര്യമെന്നും അറിയിച്ചു.
''കോവാക്‌സിന്റെ ട്രയലുകള്‍ പൂര്‍ണ്ണമായും പൂര്‍ത്തിയാകാത്തതിനാല്‍ അല്‍പ്പം ആശങ്കയുണ്ടെന്നും വലിയ തോതില്‍ ഞങ്ങള്‍ക്ക് വാക്സിൻ കുത്തിവെപ്പെടുക്കാനാവില്ലെന്നതും ഞങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു,'' എന്നാണ് ആര്‍എംഎല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. ഡല്‍ഹിയിലെ 81 കേന്ദ്രങ്ങളിലാണ് സര്‍ക്കാര്‍ വാക്‌സിനേഷന്‍ യജ്ഞം നടത്തിയത്.
എല്ലാ ട്രയല്‍ ഘട്ടങ്ങളും പൂര്‍ത്തിയാക്കിയ കോവിഷീല്‍ഡ് കുത്തിവയ്പ് നല്‍കാന്‍ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
അതേസമയം, ആര്‍എംഎല്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. എ കെ സിങ് റാണ ശനിയാഴ്ച കോവാക്‌സിന്‍ കുത്തിവെപ്പെടുത്തു.
എയിംസ്, സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍, ആര്‍എംഎല്‍ ഹോസ്പിറ്റല്‍, കലാവതി സരണ്‍ ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍, രണ്ട് ഇഎസ്ഐ ആശുപത്രികള്‍ എന്നീ ആറ് കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളാണ് ഡല്‍ഹിയിലെ വാക്‌സിനേഷന്‍ യജ്ഞത്തില്‍ പങ്കാളികളായത്.
''ജനങ്ങളുടെ സുരക്ഷ എല്ലായ്‌പ്പോഴും പരമപ്രധാനമാണ്. കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ തുടരുകയാണ്. ഇത് മതിയായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്, വിദഗ്ധര്‍ ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഭയപ്പെടേണ്ട ആവശ്യമില്ല. രണ്ട് വാക്‌സിനുകളും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളില്ല. രണ്ടും സുരക്ഷിതമാണ്,'' മന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
content highlights: Doctors at Delhi’s RML Hospital reject Covaxin, say they need Covishield