ഡോക്ടര്‍ ഡ്യൂട്ടിയിലാണ്‌ ഈ എം.എല്‍.എ; ജവാന് വൈദ്യ സഹായം എത്തിക്കാന്‍ കിലോ മീറ്ററുകള്‍ നടന്നെത്തി


ഐസ്വാള്‍: 2018ല്‍ മിസോറം നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഇസഡ്.ആര്‍.ധിയമസംഗ തന്റെ പൂര്‍ണസമയ ഡോക്ടര്‍ ജീവിതത്തോട് വിട പറഞ്ഞത്. എന്നാല്‍ ഇടയ്ക്കിടെ, അടിയന്തര സാഹചര്യങ്ങളില്‍ അദ്ദേഹം ഡോക്ടര്‍ കുപ്പായം അണിയാറുമുണ്ട്.

ഇക്കഴിഞ്ഞയാഴ്ച ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച ജവാന് വൈദ്യസഹായം വേണ്ടിവന്നപ്പോള്‍ ചികിത്സ നല്‍കാനായി ധിയമസംഗ വീണ്ടും ഡോക്ടറായി. മറ്റ് മാര്‍ഗമില്ലാതെ വന്നതോടെ കിലോമീറ്ററുകള്‍ നടന്ന് അദ്ദേഹം സൈനിക ക്യാമ്പിലെത്തി ജവാന് ചികിത്സ നല്‍കി മടങ്ങുകയും ചെയ്തു.

ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നിയോഗിക്കപ്പെട്ട റിസര്‍വ് ബറ്റാലിയനിലെ ജവാനാണ് ധിയമസംഗ ചികിത്സ നല്‍കിയത്. കൊറോണയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി കടന്നുള്ള സഞ്ചാരം തടയാന്‍ നിയോഗിക്കപ്പെട്ട സംഘത്തിലെ അംഗമായിരുന്നു ജവാന്‍. ഡോക്ടറായ മകള്‍ക്കൊപ്പമാണ് ധിയമസംഗ എത്തിയത്.

ഒരു ജവാന്‍ കടുത്ത വയറുവേദന അനുഭവിക്കുകയാണെന്നും അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും ഞങ്ങളെ അറിയിക്കുകയായിരുന്നു. ഉടന്‍ ഞങ്ങള്‍ അവിടേക്ക് പുറപ്പെട്ടു. എന്നാല്‍ ഞങ്ങളുടെ വാഹനത്തിന് പുഴ കടക്കാന്‍ സാധിക്കാതിരുന്നതിനാല്‍ കിലോമീറ്ററുകള്‍ നടന്നാണ് ജവാന്റെ അരികിലെത്തിയത്- ധിയമസംഗയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാഥമിക ചികിത്സ നല്‍കിയതിനു പിന്നാലെ ജവാനെ കൂടുതല്‍ ചികിത്സയ്ക്കായി ചംഫായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.