-
മുംബൈ: കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയ ഡോക്ടര്‍ക്ക് സ്വകാര്യ ആശുപത്രികള്‍ പ്രവേശനം നിഷേധിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം ജല്‍ഗാവ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലാണ്. നാല് സ്വകാര്യ ആശുപത്രികളാണ് കൊറോണവൈറസ് ആശങ്കയില്‍ ഡോക്ടര്‍ക്ക് ചികിത്സ നിഷേധിച്ചത്.
കോലാപുരില്‍ നിന്ന് കഴിഞ്ഞയാഴ്ച മടങ്ങിയെത്തിയ ഡോക്ടര്‍ക്ക് പനി ബാധിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് പനി കടുത്തത്. രാത്രിയില്‍ തന്നെ ബന്ധുക്കള്‍ ഇദ്ദേഹത്തിന് ചികിത്സ തേടി ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും പ്രവേശനം നല്കാന് ആശുപത്രി അധികൃതര്‍ മടിച്ചു. ഇദ്ദേഹം വിദേശയാത്ര നടത്തുകയോ കൊറോണബാധിതരുമായോ രോഗബാധ സംശയിച്ചവരുമായോ അടുത്തിടപഴകിയിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഡോക്ടറുടെ രോഗലക്ഷണങ്ങള്‍ കോവിഡിനോട് സാമ്യതയുള്ളതിനാലാണ് സ്വകാര്യ ആശുപത്രികള്‍ പ്രവേശനം നല്‍കാതിരുന്നത്. അത്യാഹിതവിഭാഗമുള്ള ആശുപത്രികള്‍ തേടിയാണ് രാത്രി മുഴുവന്‍ അലയേണ്ടി വന്നതെന്ന് ഡോക്ടറുടെ അമ്മാവന് പറഞ്ഞു. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മെഡിക്കല്‍ കോളേജിലെത്തിച്ചതെന്നും ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗിയുടെ ആരോഗ്യനില മോശമായിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് മേധാവി ഡോ. ഭാസ്കര്‍ ഖെയ്രെ അറിയിച്ചു. രോഗിയുടെ രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വരാന്‍ കാത്തിരിക്കുകയാണ്. വിദേശയാത്ര നടത്താത്തതിനാല്‍ കൊറോണവൈറസ് പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights:Doctor turned away by 4 hospitals over coronavirus fears,now on ventilator
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..