ഭോപ്പാല്‍: കോവിഡ് രോഗികളെ പരിചരിച്ചതിനു ശേഷം കാറില്‍ കിടന്നുറങ്ങുന്ന ഡോക്ടര്‍ക്ക് ഒടുവില്‍ ആശുപത്രി അധികൃതര്‍ താമസ സൗകര്യം ശരിയാക്കി. ഭോപ്പാലിലെ ആശുപത്രിയില്‍ ഡോക്ടറായ സച്ചിന്‍ നായകിന്റെ അവസ്ഥ മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ താമസസൗകര്യം ഏര്‍പ്പെടുത്തിയത്.

പകല്‍ ആശുപത്രിയില്‍ കോവിഡ് 19 നെതിരായ പോരാട്ടം, ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങാതെ കാറില്‍ വിശ്രമം. കോവിഡ് 19നെതിരെയുള്ള പോരാട്ടത്തിന് മുന്നില്‍ നിന്ന് പട നയിക്കുന്ന ഡോക്ടര്‍ സച്ചിന്‍ നായിക്ക് കഴിഞ്ഞ കുറച്ച് ആഴ്ചകളായി കാറിലാണ് താമസം. വീട്ടുകാരുടെ സുരക്ഷയെ കരുതിയാണ് ഇത്തരമൊരു തീരുമാനം എടുത്തത്. 

സച്ചിന്‍ നായകിന് മൂന്നുവയസ്സുള്ള ഒരു കുഞ്ഞുണ്ട്. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട ദിവസങ്ങളില്‍  തയ്യാറെടുപ്പിനുള്ള സമയം കിട്ടില്ല. സ്വയം പ്രതിരോധിക്കേണ്ടത് ഞങ്ങളുടെ ജോലിയാണ് അതിനാലാണ്‌ ഇത്തരമൊരു മാര്‍ഗ്ഗം സ്വീകരിച്ചതെന്നായിരുന്നു അന്ന് സച്ചിന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഡോക്ടറുടെ ഈ പ്രവൃത്തി അറിഞ്ഞ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. 

content highlights: Doctor sleeping in car after Covid duty gets room