അഹമ്മദാബാദ്: വൃക്കയിലെ കല്ല് എടുത്ത് മാറ്റുന്നതിന് പകരം വൃക്ക തന്നെ ഡോക്ടർ എടുത്ത് മാറ്റിയ സംഭവത്തിൽ ആശുപത്രിയ്ക്ക് 11.23 ലക്ഷം പിഴയിട്ട് ഗുജറാത്ത്  ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ. ബലാസിനോറിലെ കെഎംജി ജനറൽ ആശുപത്രിക്കാണ് പിഴ ചുമത്തിയത്. 

വൃക്കയിലെ കല്ല് എടുത്ത് മാറ്റാൻ വേണ്ടി വന്ന ഖേദാ ജില്ലയിലെ വാങ്ക്റോളി ഗ്രാമത്തിൽ നിന്നുള്ള ദേവേന്ദ്രഭായ് റാവൽ എന്നയാളുടെ ഇടത് വൃക്കയാണ് ഡോക്ടർ ശസ്ത്രക്രിയ ചെയ്ത്  എടുത്ത് മാറ്റിയത്. ഇതിനെത്തുടർന്ന് നാല് മാസങ്ങൾക്ക് ശേഷം രോഗി മരിക്കുകയായിരുന്നു. വിധി അനുസരിച്ച് 2012 മുതൽ 7.5 ശതമാനം പലിശയോട് കൂടിയുള്ള തുകയാണ് മരിച്ചയാളുടെ കുടുംബത്തിന് ആശുപത്രി നൽകേണ്ടത്.

അസ്വസ്ഥതകളെത്തുടർന്ന് 2011 ലാണ് ദേവേന്ദ്ര ഭായ് ആശുപത്രിയിലെത്തുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇടത് വൃക്കയിൽ കല്ല് കണ്ടെത്തുകയായിരുന്നു. സെപ്തംബർ 3ന് അദ്ദേഹം ശസ്ത്രക്രിയക്ക്‌ വിധേയമാവുകയായിരുന്നു. ശസ്ത്രക്രിയക്ക്‌ ശേഷം വൃക്കയിലെ കല്ലിന് പകരം വൃക്കയാണ് എടുത്ത് മാറ്റിയത് എന്ന് തിരിച്ചറിയുകയായിരുന്നു. 

Content highlights: Doctor removes kidney instead of stone