ഭോപ്പാല്‍: നിവാര്‍ കൊടുങ്കാറ്റ് കവര്‍ന്നത് ഒരു മാസത്തോളമായി കോവിഡിനോട് മല്ലിട്ടിരുന്ന ഒരു യുവഡോക്ടറുടെ ജീവന്‍. മുപ്പതുകാരനായ ഡോക്ടര്‍ ശുഭം ഉപാധ്യായുടെ ശ്വാസകോശത്തെ കൊറോണവൈറസ് ഗുരുതരമായി ബാധിച്ചിരുന്നു. അവയവമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുക മാത്രമായിരുന്നു ഡോക്ടര്‍ ശുഭത്തിനെ രക്ഷിക്കാന്‍ നിലവിലുണ്ടായിരുന്ന മാര്‍ഗം.
മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജില്‍ കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ശുഭം. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെ ഒക്ടോബര്‍ 28 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. നവംബര്‍ പത്തിന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശുഭത്തിനെ ചിരായു മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ശ്വാസകോശത്തിന്റെ 96 ശതമാനത്തോളം വൈറസ് ബാധിച്ചതോടെ ശ്വാസകോശം മാറ്റി വെക്കാനുള്ള തീരുമാനത്തില്‍ ഡോക്ടര്‍മാര്‍ എത്തിച്ചേര്‍ന്നു. ഇതിനായി ചെന്നൈയിലേക്ക് വ്യോമമാര്‍ഗം അദ്ദേഹത്തെ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ നിവാര്‍ കൊടുങ്കാറ്റ് ഭീഷണിയെ തുടര്‍ന്ന് വ്യോമഗതാഗതം നിര്‍ത്തി വെച്ചതോടെ ശസ്ത്രക്രിയ മുടങ്ങി. ചെന്നൈയിലെത്തിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ആ കോവിഡ് പോരാളിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് ശുഭത്തിനെ ചികിത്സിച്ച ഡോക്ടര്‍ അജയ് ഗോയെങ്ക പറഞ്ഞു.
നേരത്തെ ഡോക്ടര്‍ ശുഭത്തിന്റെ ആരോഗ്യനിലയെ കുറിച്ചറിഞ്ഞ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ചൊവ്വാഴ്ച 1,766 കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ മധ്യപ്രദേശില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,96,511 ആയി. 3,183 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
Content Highlights: Doctor Dies Of Covid-19 Cyclone Blocked Chennai Lung Transplant Hope