മല്ലികാർജ്ജുൻ ഖാർഗെ, നരേന്ദ്ര മോദി | Photo : ANI
ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദപരാമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. മോദിയുടെ മുഖം എത്ര തവണ കാണണമെന്നും രാവണനെപ്പോലെ മോദിയ്ക്ക് നൂറ് തലയുണ്ടോ എന്നുമായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. മോദിക്കെതിരെ കോണ്‍ഗ്രസിന്റെ മറ്റൊരു മുതിര്‍ന്ന നേതാവ് മധുസൂദന്‍ മിസ്ത്രി വിവാദപരമായ പരാമര്‍ശം നടത്തി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് മോദിക്കെതിരെ ഖാര്‍ഖെയുടെ പരിഹാസം. അഹമ്മദാബാദില്‍ തിരഞ്ഞെടുപ്പ് പ്രചാരണറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.
"മോദിജി പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രിയുടെ കര്‍ത്തവ്യം മറന്ന് കോര്പറേഷന് തിരഞ്ഞെടുപ്പ്, എംഎല്‍എ തിരഞ്ഞെടുപ്പ്, എംപി തിരഞ്ഞെടുപ്പ് തുടങ്ങി എല്ലാ പ്രചാരണപരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നു. എല്ലായിടത്തും തന്നെക്കുറിച്ച് മാത്രം സംസാരിക്കുന്നു. 'മാറ്റാരേയും നിങ്ങള്‍ കാണേണ്ടതില്ല, മോദിയെ മാത്രം നോക്കൂ, വോട്ട് ചെയ്യൂ'-ഇതാണ് അദ്ദേഹത്തിന്റെ നിലപാട്. നിങ്ങളുടെ മുഖം എത്ര തവണയാണ് ഞങ്ങള്‍ കാണേണ്ടത്? നിങ്ങള്‍ക്ക് എത്ര രൂപമാണുള്ളത്? നിങ്ങള്‍ക്ക് രാവണനെപ്പോലെ നൂറ് തലകളുണ്ടോ?" ഖാര്‍ഗെ പറഞ്ഞു. ഖാര്‍ഗെയുടെ വാക്കുകള്‍ സദസില്‍ ചിരിപടര്‍ത്തി.
ഓരോ തിരഞ്ഞെടുപ്പിലും മോദിയുടെ പേര് പറഞ്ഞാണ് സ്ഥാനാര്‍ഥികള്‍ വോട്ട് തേടുന്നതെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. "മുനിസിപ്പാലിറ്റിയിലേക്കോ, കോര്‍പറേഷനിലേക്കോ അല്ലെങ്കില്‍ നിയമസഭയിലേക്കോ ആവട്ടെ പ്രധാനമന്ത്രിയുടെ പേര് പറഞ്ഞാണ് വോട്ട് തേടുന്നത്. സ്ഥാനാര്‍ഥിയുടെ പേരിലാണ് വോട്ട് ചോദിക്കേണ്ടത്. മുന്‍സിപ്പാലിറ്റിയില്‍ വന്ന് മോദി പണിയെടുക്കുമോ? നിങ്ങള്‍ക്ക് ആവശ്യം വരുന്ന സാഹചര്യത്തില്‍ മോദി നേരിട്ടെത്തി നിങ്ങളെ സഹായിക്കുമോ?". ഖാര്‍ഗെ ചോദിച്ചു.
ഖാര്‍ഗെയ്ക്ക് മറുപടിയുമായി ബിജെപി ഐടി സെല്‍ മോധാവി അമിത് മാളവ്യ രംഗത്തെത്തി. ഖാര്‍ഗെയുടെ പ്രസംഗത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തായിരുന്നു ട്വിറ്ററിലൂടെയുള്ള മാളവ്യയുടെ മറുപടി. "ഗുജറാത്ത് തിരഞ്ഞെടുപ്പ് ചൂടിനെ പ്രതിരോധിക്കാനാവാതെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് തന്റെ വാക്കുകളില്‍ നിയന്ത്രണം നഷ്ടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവണന് എന്ന് സംബോധന ചെയ്തിരിക്കുന്നു. മരണത്തിന്റെ വ്യാപാരി, രാവണന്...ഗുജറാത്തിനേയും അതിന്റെ പുത്രനേയും കോണ്‍ഗ്രസ് വീണ്ടും വീണ്ടും അധിക്ഷേപിക്കുകയാണ്". മാളവ്യ ട്വീറ്റില്‍ കുറിച്ചു.
2007 ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിനിടെയാണ് മോദിയെ ലക്ഷ്യമാക്കി സോണിയ ഗാന്ധി മരണത്തിന്റെ വ്യാപാരി( മൗത് കാ സൗദാഗര്‍) എന്ന് പരാമര്‍ശിച്ചത്. മോദി മുഖ്യമന്ത്രിയായിരുന്ന കാലത്തുണ്ടായ ഗുജറാത്ത് കലാപത്തെ മുന്‍നിര്‍ത്തിയായിരുന്നു പരാമര്‍ശം.
Content Highlights: Do You Have 100 Heads Like Ravan, Mallikarjun Kharge's Remark, Narendra Modi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..