ന്യൂഡൽഹി: കോവിഡിനെതിരേയുള്ള പ്രതിരോധ ശേഷി വർധിപ്പിക്കാൻ എല്ലാവരും വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പ് എടുക്കണമെന്ന് അഭ്യർഥിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. വാക്സിനേഷൻ വേഗത്തിലാക്കാൻ 53,25,000 ഡോസ് വാക്സിൻ ഉടൻ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുമെന്നും ഹർഷ വർധൻ വ്യക്തമാക്കി.

ഇതുവരെ 17,49,57,770 ഡോസ് വാക്സിൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. ഇതിൽ 16,65,49,583 ഡോസ് വാക്സിൻ ഇതിനോടകം ജനങ്ങൾക്ക് നൽകി. 84,08,187 ഡോസ് വാക്സിൻ സംസ്ഥാനങ്ങളുടെ കൈവശം ബാക്കിയുണ്ടെന്നും ഹർഷ വർധൻ പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത 180 ജില്ലകൾ രാജ്യത്തുണ്ട്. രണ്ടാഴ്ചക്കിടെ പുതിയ രോഗികളില്ലാത്ത 18 ജില്ലകളും, 21 ദിവസത്തിനിടെ പുതിയ കേസ് റിപ്പോർട്ട് ചെയ്യാത്ത 54 ജില്ലകളും, 28 ദിവസത്തിനിടെ പുതിയ രോഗികളില്ലാത്ത 32 ജില്ലകൾ വിവിധ സംസ്ഥാനങ്ങളിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തുടനീളം 4,88,861 രോഗികൾ നിലവിൽ ഐസിയുവിൽ ചികിത്സയിലാണ്. 1,70,841 രോഗികൾ വെന്റിലേറ്ററിലും 9,02,291 രോഗികൾ ഓക്സിജൻ പിന്തുണയിലും ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലേറേ പേർ കോവിഡ് മുക്തി നേടിയിട്ടുണ്ടെന്നും ഹർഷ വർധൻ വ്യക്തമാക്കി.

content highlights:'Do not skip second dose of Covid vaccine': Harsh Vardhan urges citizens