ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ കൂടി വിദ്വേഷം ജനിപ്പിക്കുന്നതും തെറ്റിധരിപ്പിക്കുന്നതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ കര്‍ശന നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍. ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടികളെടുക്കുന്നില്ലെങ്കില്‍ സമൂഹ മാധ്യമങ്ങളുടെ ഇന്ത്യയിലെ മേധാവികള്‍ക്കെതിരെ നിയമ നടപടിയുണ്ടാവുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഫെയ്‌സ്ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ക്കെതിരെയാകും ഉടന്‍ നടപടിയുണ്ടാവുകയെന്നാണ് വിവരം. ഇരുമാധ്യമങ്ങളും വഴി വിദ്വേഷ സന്ദേശങ്ങളും തെറ്റിധരിപ്പിക്കുന്ന സന്ദേശങ്ങളും പ്രചരിക്കുന്നത് കാരണം രാജ്യത്ത് ആള്‍കൂട്ട കൊലപാതകങ്ങള്‍ വ്യാപകമാകുന്നുണ്ട്. ട്വിറ്റര്‍ വഴിയും ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നു. ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള ഭീഷണികള്‍ സ്ത്രീകള്‍ക്കെതിരെ വ്യാപകമായി വരുന്നു. മോശം പ്രവണത കാരണം പലരും സമൂഹ മാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കുന്നു.

വാട്‌സ് ആപ്പിനെയാണ് സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് സൂചന. നേരത്തെ സന്ദേശങ്ങള്‍ ആദ്യം അയച്ച ആളിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം വാട്‌സ് ആപ്പ് തള്ളിക്കളഞ്ഞിരുന്നു. ഇതിന് ശേഷം ഇന്ത്യയില്‍ പരാതികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജിയും നിലനില്‍ക്കുന്നുണ്ട്. 

വിദ്വേഷ സന്ദേശങ്ങള്‍ തടയുന്നതിനായാണ് സമൂഹമാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രതിനിധികള്‍ വേണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. ഇക്കാര്യം നിര്‍ബന്ധമാക്കിയേക്കും.  ഇത്തരം സന്ദേശങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഇന്ത്യയിലെ പ്രതിനിധികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

ആള്‍കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഇവ തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളിലൊന്നാണ് ഇന്ത്യയില്‍ പ്രത്യേകം ഉദ്യോഗസ്ഥനെ സമൂഹമാധ്യമങ്ങള്‍ നിയമിക്കണമെന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്‍മേല്‍ വിശദ പഠനം നടത്തിയതിന് ശേഷം പ്രധാനമന്ത്രിയുടെ അംഗീകാരത്തിനായി അയയ്ക്കും. 

സമൂഹ മാധ്യമങ്ങളില്‍ അസുഖകരങ്ങളായ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അത് എടുത്തുമാറ്റാനോ, തടയാനോ സര്‍ക്കാരിന് ഉത്തരവ് നല്‍കാന്‍ സാധിക്കും വിധമുള്ള ചട്ടക്കൂടിന് രൂപം നല്‍കാനാണ് കമ്മിറ്റി ശ്രമിക്കുന്നത്. കമ്മിറ്റിയുടെ നിര്‍ദ്ദേശത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രിയാണ്.