ന്യൂഡല്‍ഹി: അംഗണവാടികളിലെ ജീവനക്കാരില്‍ സൂപ്രവൈസര്‍മാരായി സ്ഥാനക്കയറ്റം ലഭിക്കാന്‍ പത്ത് വര്‍ഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണോ എന്ന് വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് അജയ് രസ്‌തോഗിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിനോട് നിലപാട് ആരാഞ്ഞത്.

സൂപ്പര്‍വൈസര്‍ തസ്തികയിലെ നാല്പത് ശതമാനം അംഗണവാടി ജീവനക്കാരില്‍ നിന്നാണ് തിരഞ്ഞെടുക്കുന്നത്. പത്താം ക്ളാസ് പാസ്സായവർക്കും പത്ത് വര്‍ഷം അംഗണവാടികളില്‍ ജോലിചെയ്തിട്ടുളളവര്‍ക്കുമാണ് ഇതില്‍ 29 ശതമാനം സീറ്റുകള്‍ നീക്കിവെച്ചിരിക്കുന്നത്. ബാക്കിയുള്ള പതിനൊന്ന് ശതമാനം സീറ്റുകളില്‍ ബിരുദധാരികളെ നിയമിക്കാം എന്നാണ് വ്യവസ്ഥ. ഈ പതിനൊന്ന് ശതമാനം സീറ്റുകളില്‍ പ്രവേശനം ലഭിക്കാന്‍ അംഗണവാടികളില്‍ പത്ത് വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബ്ബന്ധമാണോ എന്ന കാര്യത്തിലാണ് സുപ്രീം കോടതി വ്യക്തത തേടിയത്.

സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നവര്‍ക്ക് ബിരുദം മാത്രമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന യോഗ്യതയെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ ശ്രീറാം പറക്കാട്ടില്‍ വാദിച്ചു. 2013 ലെ ഭേദഗതിക്ക് ശേഷം അംഗണവാടി ജീവനക്കാരില്‍ നിന്ന് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് നിയമിക്കുന്നവര്‍ക്ക് പ്രവൃത്തിപരിചയം അനിവാര്യമല്ലെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ അംഗണവാടി ജീവനക്കാര്‍ക്കായി മാറ്റിവച്ചിരിക്കുന്ന 40 ശതമാനം സീറ്റുകളില്‍ എല്ലാവര്‍ക്കും പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം അനിവാര്യമാണെന്ന് സംസ്ഥാന സര്‍ക്കാരും പി.എസ്.സിയും വാദിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശും പിഎസ്സി ക്ക് വേണ്ടി വിപിന്‍ നായരും ഹാജരായി.

Content Highlights: Do Anganwadi Workers Need 10 Years of Work Experience to become a Supervisor? - Supreme Court