ചെന്നൈ: പനീര്‍ശെല്‍വം മാത്രമല്ല ജയലളിതയും തന്നെ ചിരിച്ച് കാണിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും അതിനെക്കുറിച്ച് ശശികലയ്ക്ക് എന്താണ് പറയാനുള്ളതെന്നും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍.

പനീര്‍ശെല്‍വത്തിന് പിന്നില്‍ ഡിഎംകെയാണെന്നും നിയമസഭയില്‍വെച്ച് പനീര്‍ശെല്‍വം സ്റ്റാലിനോട് ചിരിച്ചെന്നുമുള്ള ശശികലയുടെ ആരോപണത്തോട് പ്രസ്താവനയിലൂടെ  പ്രതികരിക്കുകയായിരുന്നു സ്റ്റാലിന്‍.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ ജയലളതയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അവരെ ആശംസ അറിയിക്കുകയും അവര്‍ നന്ദി പറയുകയും ചെയ്തു. ഇപ്പോള്‍ പനീര്‍ശെല്‍വത്തെക്കുറിച്ച് ഉന്നയിച്ച ആരോപണം അവര്‍ ജയലളിതയ്ക്ക് മേലും ആരോപിക്കുമോ? സ്റ്റാലിന്‍ ചോദിച്ചു.

Read |'പനീര്‍ശെല്‍വത്തിനു പിന്നില്‍ സ്റ്റാലിന്‍'; അവര്‍ പരസ്പരം നോക്കി ചിരിച്ചെന്ന് ശശികല

മുഖ്യമന്ത്രിയാകാന്‍ കുറുക്കുവഴിയൊന്നുമില്ല. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശശികല വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. എഐഎഡിഎംകെയിലെ പ്രശ്‌നങ്ങളില്‍ ഡിഎംകെയ്ക്ക് യാതൊരു പങ്കുമില്ല. ഡിഎംകെയെ കുറ്റപ്പെടുത്താതെ പനീര്‍ശെല്‍വം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ് വേണ്ടത്. സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

ജയലളിതയുടെ മരണം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.