ചെന്നൈ: തമിഴ്നാട്ടിലെ ഒമ്പത് ജില്ലകളില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ.യുടെ നേതൃത്വത്തിലുള്ള സഖ്യം തൂത്തുവാരി. 140 ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം 138 ഇടങ്ങളിലും ജയിച്ചു. രണ്ടു ഇടങ്ങളില്‍ മാത്രമാണ് എ.ഐ.എ.ഡി.എം.കെ. സഖ്യത്തിന് ജയിക്കാനായത്.

1380 പഞ്ചായത്ത് യൂണിയന്‍ വാര്‍ഡുകളില്‍ ഡിഎംകെ സഖ്യം 1008 വാര്‍ഡുകളില്‍ ജയിച്ചു. 207 സീറ്റുകളിലാണ് പ്രതിപക്ഷത്തിന് നേടാനായത്.  ചിുരുക്കം ചില വാര്‍ഡുകളിലെ ഫലം കൂടി വരാനുണ്ട്.

കോണ്‍ഗ്രസ്, സി.പി.എം., സി.പി.ഐ., വി.സി.കെ., എം.ഡി.എം.കെ. തുടങ്ങിയ പാര്‍ട്ടികള്‍ ഡി.എം.കെ. നേതൃത്വത്തിലുള്ള സംഖ്യത്തിലാണ്. ബി.ജെ.പി.യും തമിഴ് മാനില കോണ്‍ഗ്രസുമാണ് എ.ഐ.എ.ഡി.എം.കെ.യുടെ പ്രധാന ഘടകകക്ഷികള്‍.

അധികാരത്തിലേറിയതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലുണ്ടായ നേട്ടം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കരുത്ത് പകരുന്നതാണ്. വിജയത്തിന് പിന്നാലെ സ്റ്റാലിന്‍ വോട്ടര്‍മാർക്ക് അറിയിച്ചു. 'ഞങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യും. ആളുകളെ വിശ്വാസം നിലനിര്‍ത്തും. അഞ്ചുമാസം കൊണ്ട് ജനങ്ങളുമായുള്ള സൗഹൃദം വര്‍ധിച്ചു' സ്റ്റാലിന്‍ പറഞ്ഞു.