ചെന്നൈ: ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റായി എം.കെ സ്റ്റാലിനെ നിയമിച്ചു. ചെന്നൈയില്‍ നടന്ന ഡിഎംകെ ജനറല്‍ കൗണ്‍സിലാണ് തീരുമാനമെടുത്തത്. പ്രസിഡന്റായി കരുണാനിധി തന്നെ തുടരും. 

ഒരു വനിതാ നേതാവിനെയും ദളിത് പ്രതിനിധിയെയും ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിയമിക്കാനും തീരുമാനമായി. ജനറല്‍ബോഡി യോഗത്തില്‍ മുതിര്‍ന്ന നേതാവ് അന്‍പഴകന്‍ അധ്യക്ഷത വഹിച്ചു. കരുണാനിധി യോഗത്തില്‍ പങ്കെടുത്തില്ല. 

കരുണാനിധിയുടെ ആരോഗ്യനില മോശമായ സാഹചര്യത്തിലാണ് ഡിഎംകെയുടെ നേതൃപദവിയില്‍ മാറ്റം കൊണ്ടുവരാന്‍ പാര്‍ട്ടി തീരുമാനിച്ചത്. കരുണാനിധിയെ കരുണാനിധിയെ അടുത്തിടെ രണ്ടു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ പാര്‍ട്ടി അധ്യക്ഷനായ കരുണാനിധിയ്ക്ക് തുല്യമായ അധികാരങ്ങളോടെയാണ് സ്റ്റാലിനെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്.

ഇപ്പോള്‍ ഡിഎംകെയുടെ ട്രഷററാണ് സ്റ്റാലിന്‍. ഡിസംബര്‍ 20ന് ചേരാന്‍ തീരുമാനിച്ചിരുന്ന യോഗം കരുണാനിധിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.