ബെംഗളൂരു: കര്‍ണാടക പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ചോദ്യം ചെയ്യലിന് സി.ബി.ഐക്കു മുന്നില്‍ ഹാജരായി. ബുധനാഴ്ച വൈകുന്നേരം 3.50 ഓടെയാണ് ഗംഗാനഗര്‍ ബെല്ലാരി റോഡിലെ സി.ബി.ഐ. ഓഫീസില്‍ ശിവകുമാര്‍ എത്തിയത്. 

74.93 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവകുമാറിന് സി.ബി.ഐ. നോട്ടീസ് നല്‍കിയിരുന്നു. 

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ആദായ നികുതി വകുപ്പിന്റെയും ഉദ്യോഗസ്ഥരോട് സഹകരിച്ചതുപോലെ സി.ബി.ഐയുടെ അന്വേഷണ ഉദ്യോഗസ്ഥരുമായും സഹകരിക്കുമെന്ന് ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

ഹൈദരാബാദില്‍നിന്ന് ഇന്ന് രാവിലെയാണ് ശിവകുമാര്‍ ബെംഗളൂരുവിലെത്തിയത്. തുടര്‍ന്ന് സഹോദരനും എം.പിയുമായ ഡി.കെ. സുരേഷിന്റെ സദാശിവനഗറിലെ വസതിയിലെത്തി. ഇവിടെവെച്ച് നിയമവിദഗ്ധര്‍, ഓഡിറ്റര്‍മാര്‍ തുടങ്ങിയവരുമായി കേസ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

നവംബര്‍ 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ 19നാണ് സി.ബി.ഐ. ശിവകുമാറിന് സമന്‍സ് നല്‍കിയത്. എന്നാല്‍ അന്ന് മകളുടെ വിവാഹനിശ്ചയമാണെന്നും ചോദ്യം ചെയ്യലിന് ഹാജരാകാനും കഴിയില്ലെന്ന് ശിവകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയും നവംബര്‍ 25ന് ഹാജരാകാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിക്കുകയുമായിരുന്നു. 

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ശിവകുമാറുമായി ബന്ധമുള്ള 13 ഇടങ്ങളില്‍ സി.ബി.ഐ. ഒക്ടോബര്‍ അഞ്ചിന് റെയ്ഡ് നടത്തിയിരുന്നു.

content highlights: DK Shivakumar appears before cbi