അമൃത്‌സര്‍: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും പി.സി.സി അധ്യക്ഷന്‍ നവജ്യോത്‌സിങ് സിദ്ധുവും തമ്മിലുള്ള പോരില്‍ ഉലയുകയാണ് ഭരണകക്ഷിയായ കോണ്‍ഗ്രസ്. എന്നാല്‍, ഇരുവരും തമ്മിലുള്ള പോര് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യും എന്നാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാട്. 

അമരീന്ദറും സിദ്ധുവും തമ്മില്‍ യാതൊരു ഭിന്നതയുമില്ല. അഥവാ അങ്ങനെ എന്തെങ്കിലും ഒരു തര്‍ക്കമുണ്ടെങ്കില്‍ അത് പാര്‍ട്ടിക്ക് ഗുണമേ ചെയ്യൂ- പഞ്ചാബിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് പറഞ്ഞു.

നേതാക്കള്‍ സ്വന്തം അഭിപ്രായം തുറന്നു പറയുന്നത്‌കൊണ്ട് മാത്രമാണ് ജനങ്ങള്‍ക്ക് അവര്‍ പരസ്പരം പോരടിക്കുകയാണെന്ന് തോന്നുന്നത്. പഞ്ചാബ് ധീരന്മാരുടെ നാടാണ്. അവര്‍ സ്വന്തം അഭിപ്രായം വെട്ടിത്തുറന്നു പറയുന്നവരാണ്. അത് പരസ്പരം പോരടിക്കലാണ് എന്നത് തോന്നല്‍ മാത്രമാണ്. പാര്‍ട്ടിയില്‍ ഇപ്പോള്‍ അത്തരത്തില്‍ യാതൊരു തര്‍ക്കവുമില്ല. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടി തന്നെ പരിഹരിക്കുന്നുണ്ട്. അമരീന്ദര്‍ സിങ്ങും സിദ്ധുവും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന് ഗുണമേ ചെയ്യൂ-ഉത്തരാഖണ്ഡ് മുൻമുഖ്യമന്ത്രികൂടിയായ റാവത്ത് പറഞ്ഞു.

 കേന്ദ്രത്തിലും ഹരിയാണയിലുമുള്ള ബി.ജെ.പി സര്‍ക്കാരുകള്‍ സമരം ചെയ്യുന്ന കര്‍ഷകരെ വഞ്ചിച്ചിരിക്കുകയാണ്. അവരെ വലിയ സ്വപ്നങ്ങള്‍ കാട്ടി ആകര്‍ഷിക്കുകയും അധികാരത്തിലേറിക്കഴിഞ്ഞാല്‍ അവരുടെ താത്പര്യങ്ങളെ ഹനിക്കുകയുമാണ്-റാവത്ത് ആരോപിച്ചു.

Content Highlights: Amarinder Singh, Navjot Singh Sidhu, Congress, Punjab, Harish Rawat