ന്യൂഡല്‍ഹി: ബി.ജെ.പി. വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് കാര്യകാരണങ്ങള്‍ വിശദമാക്കി മുന്‍കേന്ദ്രമന്ത്രിയും അസന്‍സോള്‍ എം.പിയുമായ ബാബുല്‍ സുപ്രിയോ. പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന ലഭിക്കാത്തതില്‍ താന്‍ നിരാശനായിരുന്നുവെന്ന് അദ്ദേഹം എന്‍.ഡി.ടി.വിയോടു പ്രതികരിച്ചു.

എനിക്ക് നിരാശ തോന്നി. ഏഴുവര്‍ഷം ഞാന്‍ കഠിനാധ്വാനം ചെയ്തു. ബംഗാളിനു വേണ്ടി ഞാന്‍ പൊരുതിയില്ലെന്നും പാര്‍ട്ടിക്കു വേണ്ടി നല്ലതൊന്നും ചെയ്തില്ലെന്നും എന്റെ വിമര്‍ശകര്‍ പോലും പറയില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞാന്‍ ടീമിലുണ്ടാകണമെന്ന് കോച്ച് ആഗ്രഹിക്കുന്ന, എന്നെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ഒരിടത്തേക്ക് പോകണമെന്ന് എനിക്ക് തോന്നി- ബാബുല്‍ സുപ്രിയോ പറഞ്ഞു. എല്ലാം സംഭവിച്ചത് കഴിഞ്ഞ മൂന്നുദിവസത്തിനുള്ളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിശയിപ്പിക്കുന്നതും വെല്ലുവിളി നിറഞ്ഞതുമായ അവസരത്തെ കുറിച്ച് തന്നോടു പറഞ്ഞത് തൃണമൂല്‍ എം.പി. ഡെറിക് ഒബ്രിയാന്‍ ആണെന്നും ബാബുല്‍ പറഞ്ഞു. ശനിയാഴ്ചയാണ് ബാബുല്‍ സുപ്രിയോ തൃണമൂലില്‍ ചേര്‍ന്നത്.

content highlights: disillusioned in bjp- babul supriyo