ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ ദിഷ രവിയെ ഡൽഹി കോടതിയിൽ ഹാജരാക്കിയപ്പോൾ| Photo: ANI
ന്യൂഡല്‍ഹി: മൂന്ന് വാര്‍ത്താ ചാനലുകള്‍ക്കെതിരെ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി സമര്‍പ്പിച്ച ഹര്‍ജിയില്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി പോലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും ദിഷ രവിക്കുമാണ് കോടതി നിര്‍ദേശങ്ങള്‍ നല്‍കിയത്.
വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് പോലീസിനോടും അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മാധ്യമപ്രവര്‍ത്തകരോടും കോടതി പറഞ്ഞു. അതേസമയം പോലീസിനെയും മറ്റ് അധികൃതരെയും അപകീര്‍ത്തിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ദിഷയ്ക്കും കോടതി നിര്‍ദേശം നല്കി.
തന്റെ സ്വകാര്യ വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തി എന്ന് ആരോപിച്ച് ന്യൂസ് 18, ഇന്ത്യാ ടുഡേ, ടൈംസ് നൗ എന്നീ ചാനലുകള്‍ക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു ദിഷയുടെ ഹര്‍ജി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണ് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായത്. പോലീസ് വിവരങ്ങളൊന്നും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടില്ലെന്ന് മെഹ്ത കോടതിയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ഡല്‍ഹി പോലീസിനു വേണ്ടി സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു.
വാര്‍ത്തയുടെ ഉറവിടം എന്താണെന്ന് ഒരു മാധ്യമപ്രവര്‍ത്തകനോട് ചോദിക്കാനാവില്ല. അതേസമയം ആ വാര്‍ത്ത സത്യസന്ധമായിരിക്കുകയും വേണം. ഒന്നും ചോര്‍ത്തി നല്‍കിയിട്ടില്ലെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. എന്നാല്‍ മാധ്യമങ്ങളുടെ അവകാശവാദം ഇതിന് കടകവിരുദ്ധമാണ്- കോടതി നിരീക്ഷിച്ചു. നിലവില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു കേസ് അന്വേഷണത്തെ കുറിച്ച് പാതിവെന്തതും ഊഹാപോഹം നിറഞ്ഞതുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ദിഷയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന് അഖില്‍ സിബല്‍ പറഞ്ഞു.
content highlights: disha ravi case: delhi high court issues directions
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..