ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും സേനാ പിന്‍മാറ്റം തുടങ്ങിയതായി പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് രാജ്യസഭയിൽ അറിയിച്ചു. ഏപ്രിലിന് ശേഷമുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇരുരാജ്യങ്ങളും നീക്കും. ചിലവിഷയങ്ങളില്‍ കൂടി ധാരണയാകാനുണ്ടെന്നും രാജ്‌നാഥ് സിങ് അറിയിച്ചു. 

പാംഗോങ് തടാകത്തിന്റെ തെക്ക്-വടക്ക് മേഖലകളില്‍ നിന്ന് ഇരുസേനകളും പിന്‍മാറ്റം തുടങ്ങി. അതേസമയം ലഡാക്കിലെ മറ്റുസംഘര്‍ഷ മേഖലകളില്‍ നിന്ന് ഇരുസേനകളും ഒഴിഞ്ഞ് പോകുന്നത് സംബന്ധിച്ച നടപടികളൊന്നും ഇരുരാജ്യങ്ങളും സ്വീകരിച്ചിട്ടില്ല. 48 മണിക്കൂറിനുളളില്‍ സൈനികതലത്തില്‍ ഒരു കൂടിക്കാഴ്ച ഉണ്ടാകും. ഈ കൂടിക്കാഴ്ചയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. 

പാംഗോംങ് തടാകത്തിലെ ഫിംഗര്‍ മൂന്ന് മലനിരകളിലേക്ക് ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങും. ചൈനീസ് സേന ഫിംഗര്‍ എട്ട് മലനിരയിലേക്ക് പിന്‍വാങ്ങും എന്നാണ് ഇപ്പോള്‍ പ്രതിരോധമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടയിലുളള മേഖലകള്‍ നോണ്‍പട്രോളിങ് സോണായിരിക്കുമെന്നാണ് പ്രതിരോധമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അത്തരമൊരു ഒത്തുതീര്‍പ്പിലാണ് ഇരുരാജ്യങ്ങളും എത്തിയത്. അതിർത്തിത്തർക്കം രൂക്ഷമായ പ്രദേശത്ത് കഴിഞ്ഞവർഷം മേയ് മുതൽ ഇരു സൈന്യങ്ങളും സംഘർഷത്തിലാണ്.

 

Content Highlights: disengagement in the North and South Bank of the Pangong Lake