ന്യൂഡൽഹി: പന്തളം രാജകുടുംബത്തിലെ തർക്കം പരിഹരിക്കാൻ സുപ്രീം കോടതിയിലെ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്റെ ചേമ്പറിൽ ചർച്ച നടന്നു. തർക്ക പരിഹാരത്തിന് രാജ കുടുംബത്തിന് ഉള്ളിൽ ചർച്ച നടക്കുന്നതായി പന്തളം കൊട്ടാര നിർവാഹക സംഘം അറിയിച്ചു. അടുത്ത മാസം ആദ്യം നടക്കുന്ന നിർവാഹക സംഘത്തിന്റെ ജനറൽ ബോഡിയോടെ തർക്കം പരിഹരിക്കപ്പെടും എന്നും പന്തളം കൊട്ടാരം നിർവാഹക സംഘം അവകാശപ്പെട്ടു.
തർക്ക പരിഹാരത്തിന് ഇത് വരെ നിർദ്ദേശങ്ങൾ ഒന്നും തയ്യാറായിട്ടില്ല എന്ന് നിർവാഹക സംഘത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ച 12 രാജകുടുംബാംഗങ്ങളുടെ അഭിഭാഷകൻ അറ്റോർണി ജനറലിനെ അറിയിച്ചു. ഏകപക്ഷീയമായി നിർവാഹക സംഘം തീരുമാനം എടുക്കുന്നതിനാലാണ് രാജകുടുംബത്തിൽ തർക്കം ഉണ്ടായത് എന്നും വിമതരുടെ അഭിഭാഷകർ യോഗത്തിൽ വ്യക്തമാക്കി. അതേ സമയം രാജകുടുംബത്തിലെ തർക്കം പരിഹരിക്കാൻ കോടതി ഇടപെടുന്നതിൽ ഉള്ള അതൃപ്തി ഇരു വിഭാഗവും യോഗത്തിൽ ചൂണ്ടിക്കാട്ടി.
തിരുവാഭരണത്തെ സംബന്ധിച്ച് കാര്യമായ ചർച്ചകൾ യോഗത്തിൽ ഉണ്ടായില്ല. അഭിഭാഷകനെ മാറ്റുന്നതിനായി പന്തളം കുടുംബത്തിലെ പി രാമവർമ രാജ നൽകിയ രേഖയിലെ ഒപ്പ് അദ്ദേഹത്തിന്റേത് തന്നെയാണോയെന്ന് പത്തനംതിട്ട ജില്ലാ ജഡ്ജി 25 ന് പരിശോധന നടത്തും. തിരുവാഭരണത്തിന്റെ കണക്ക് എടുക്കുന്നതിനായി ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ 28 ന് കൊട്ടാരം സന്ദർശിക്കും. ഇരുവരുടെയും റിപ്പോർട്ട് മുദ്ര വച്ച കവറിൽ കോടതിക്ക് കൈമാറും.
അറ്റോർണി ജനറൽ വിളിച്ച് ചേർത്ത യോഗത്തിൽ രാജ കുടുംബത്തിലെ ഇരു വിഭാഗങ്ങളുടെയും അഭിഭാഷകർക്ക് പുറമെ സംസ്ഥാന സർക്കാരിന്റെയും, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും അഭിഭാഷകരും പങ്കെടുത്തു. വ്യാഴാഴ്ച ഉച്ചക്ക് ശേഷം ചേർന്ന യോഗം ഒരു മണിക്കൂറോളം നീണ്ടു നിന്നു. പന്തളം കൊട്ടാര നിർവാഹക സംഘത്തിന്റെ ജനറൽ ബോഡി യോഗത്തിന് ശേഷവും പ്രശ്നം പരിഹരിക്കപ്പെടുന്നില്ല എങ്കിൽ അറ്റോർണി ജനറൽ ഡൽഹിയിൽ വീണ്ടും യോഗം വിളിച്ച് ചേർക്കാൻ ആണ് സാധ്യത.
ശബരിമലയിലെ തിരുവാഭരണവും മറ്റും ദേവസ്വംബോര്‍ഡിനു കൈമാറണമെന്ന ദേവപ്രശ്നവിധി ചോദ്യം ചെയ്ത് രാജ കുടുംബാംഗം പി. രാമവർമ്മ രാജ നൽകിയ ഹര്‍ജി പരിഗണിക്കവെ ആണ് രാജകുടുംബത്തിലെ തർക്കം കോടതിയിൽ മറനീക്കി പുറത്ത് വന്നത്. പന്തളം കൊട്ടാരം നിർവാഹക സംഘത്തിന്റെ നിലവിലെ പ്രസിഡന്റ് പി ജി ശശികുമാര വർമ്മ, സെക്രട്ടറി നാരായണ വർമ്മ, ട്രഷറർ ദീപ വർമ്മ എന്നിവർ ചേർന്ന് അയ്യപ്പന് ചാർത്തുന്ന തിരുവാഭരണം വലിയ കോയിക്കൽ വിഭാഗത്തിന്റെ അധീനതയിൽ ആക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് രാജ കുടുംബത്തിലെ 12 പേരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതേ തുടർന്നാണ് രാജകുടുംബത്തിലെ പ്രശ്നം പരിഹരിക്കാൻ അറ്റോർണി ജനറലിനോട് ജസ്റ്റിസ് എൻ വി രമണയുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് നിർദേശിച്ചത്.
Content Highlights: Discussion on Thiruvabharam dispute
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..