ന്യൂഡല്‍ഹി:  2017-2018 സാമ്പത്തിക വര്‍ഷത്തില്‍ പ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ധനവുണ്ടായെന്ന് കണക്കുകള്‍. കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പ്രകാരം പ്രത്യക്ഷ നികുതി വരുമാനത്തില്‍ 19.5 ശതമാനം വര്‍ധനവുണ്ടായി. ഇതുവരെ 7.44 ലക്ഷം കോടി രൂപ പിരിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് നികുതി കര്‍ശനമായി പിരിച്ചെടുക്കാന്‍ നടത്തിയ ശ്രമങ്ങളാണ് നികുതി വര്‍ധനവിന് കാരണം. 

അടുത്ത സാമ്പത്തിക വര്‍ഷം 10.05 ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതിയായി പിരിച്ചെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ 74.3 ശതമാനവും 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ പിരിച്ചെടുക്കാനായത് കേന്ദ്ര ധനകാര്യ വകുപ്പിന് പ്രതീക്ഷ നല്‍കുന്നുണ്ട്. 

കഴിഞ്ഞ ഫെബ്രുവരി വരെ 8.83 ലക്ഷം കോടിയാണ് പ്രത്യക്ഷ നികുതിയായി പിരിച്ചെടുത്തത്. ഇതില്‍ 1.39 ലക്ഷം കോടി റീഫണ്ടായി തിരികെ നല്‍കിയിട്ടുണ്ട്. ഇതിന് ശേഷം അവശേഷിച്ചതാണ് 7.44 ലക്ഷം കോടി രൂപ. 

അതേസമയം കോര്‍പ്പറേറ്റ് നികുതി ലഭിക്കുന്നതില്‍ 19.7 ശതമാനം വര്‍ധനവും വ്യക്തിഗത ആദായ നികുതിയില്‍ 18.6 ശതമാനത്തിന്റെയും വര്‍ധനവുണ്ടായതായി ധനകാര്യ മന്ത്രാലയം പറയുന്നു.