ന്യൂഡല്‍ഹി: ചൈനയുടെ പിന്തുണയോടെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ കശ്മീര്‍ പ്രശ്‌നം ഉന്നയിക്കാനുള്ള പാകിസ്താന്റെ ശ്രമത്തിന് പ്രതികരണവുമായി ഇന്ത്യ.
"ആവശ്യമില്ലാത്ത വിഷയങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തുന്നതിന് പകരം ശരിയായ നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. ശരിയായ നയതന്ത്രമെന്നാല്‍ പ്രയാസമേറിയതെങ്കിലും ശരിയായ നടപടികളിലൂടെ മുന്നോട്ട് പോവുന്നതാണ്. നയതന്ത്ര നീക്കങ്ങള്‍ക്ക് ശരിയായ രീതിയുണ്ട്, അതാണ് അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് പാകിസ്താന്‍ തകര്‍ത്തത്", അക്ബറുദ്ദീന്‍ ചൂണ്ടിക്കാട്ടി.
ജമ്മു കാശ്മീരിന്റെ പ്രത്യകപദവി പിന്‍വലിച്ച തീരുമാനത്തിനെതിരേ പാകിസ്താന്‍ സ്വീകരിച്ച നടപടിയെ അപലപിച്ചുകൊണ്ടാണ് സയ്യിദ് ഇത്തരത്തില്‍ പറഞ്ഞത്. പ്രത്യേക പദവി പിന്‍വലിച്ചുകൊണ്ടുള്ള നടപടിക്ക് പിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയിലെ പാക് സ്ഥാനപതിയെ തിരിച്ചുവിളിക്കുകയും പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിയെ പുറത്താക്കുകയും ചെയ്തിരുന്നു.
യുഎന്‍ സുരക്ഷാസമിതിയില രഹസ്യചര്‍ച്ചാവേളയില്‍ മറ്റ് വിഷയങ്ങള്‍ എന്നതിനു കീഴില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാനാണ് ചൈന ശ്രമിച്ചത്. എന്നാല്‍ വിഷയം ചര്‍ച്ചയ്ക്ക് പരിഗണിച്ചില്ല. ഈ വിഷയം ഉന്നയിക്കാനുള്ള വേദി ഇതല്ല എന്ന നിലപാടാണ് യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും സ്വീകരിച്ച നിലപാട്. ചൈനയെ കൂട്ടുപിടിച്ചുകൊണ്ട് കശ്മീര്‍ വിഷയം അന്താഷ്ട്ര വേദികളില്‍ അനാവശ്യ ചര്‍ച്ചയാക്കുന്നതിനെതിരെയാണ് സയ്യിദ് അക്ബറുദ്ദീന്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
Content Highlights: India Pakistan Diplomacy, UN Security Council, Syed Akbaruddin