
ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്
കൊല്‍ക്കത്ത: പ്രതിഷേധക്കാരെ വെടിവെച്ചുകൊല്ലുമെന്ന് ആവര്‍ത്തിച്ച് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലിപ് ഘോഷ്. ഉത്തര്‍പ്രദേശില്‍ പ്രക്ഷോഭത്തിനിടയില്‍ പൊതുമുതല്‍ നശിപ്പിച്ചവരെ നായ്ക്കളെ പോലെ വെടിവെച്ചുകൊന്നുവെന്ന ദിലിപ് ഘോഷിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വെടിവെച്ച് കൊല്ലുമെന്ന പ്രസ്താവന ദിലിപ് ആവര്‍ത്തിച്ചിരിക്കുന്നത്.
ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍, ദേശവിരുദ്ധരെയും പൊതുമുതല്‍ നശിപ്പിക്കുന്നവരെയും ലാത്തി ഉപയോഗിച്ച് അടിക്കുകയും വെടിവെക്കുകയും ജയിലില്‍ ഇടുകയും ചെയ്യും - കൊല്‍ക്കത്തയില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍ ദിലീപ് പറഞ്ഞു. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ദിലിപിന്റെ പരാമര്‍ശം.
നായ്ക്കളെ പോലെ വെടിവെച്ചുകൊന്നുവെന്ന പരാമര്‍ശത്തെ കുറിച്ച് പുനരാലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 'ഞാന്‍ എന്താണോ പറഞ്ഞത് അത് ചിന്തിച്ചതിനു ശേഷമാണ് പറഞ്ഞത്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തങ്ങളുടെ ഭരണകാലത്ത് ഇടതുപക്ഷവും തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും പോലീസ് വെടിവെപ്പില്‍ നിരവധി പേരെ കൊലപ്പെടുത്തിയിട്ടുള്ളതാണെന്നും ദിലിപ് കുറ്റപ്പെടുത്തി.
പശ്ചിമ ബംഗാളില്‍ നക്സല്‍ കാലഘട്ടത്തില്‍ സിദ്ധാര്‍ഥ് ശങ്കര്‍ നിരവധി ചെറുപ്പക്കാരെ പിറകില്‍ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയിട്ടുണ്ട്. അന്ന് അദ്ദേഹത്തിന് വേണ്ടി ആര്പ്പുവിളിച്ചവരാണോ ഇന്ന് അഹിംസയെ കുറിച്ച് സംസാരിക്കുന്നത്. ദിലിപ് ചോദിച്ചു.
ദിലിപിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തി. ദിലീപിന്റെ പ്രസ്താവനയെ അപലപിക്കുന്നുവെന്നും എത്രയും വേഗം പ്രസ്താവന പിന്‍വലിക്കാന്‍ ദിലിപ് ഘോഷ് തയ്യാറാകണമെന്നും ഗൂര്‍ഖ ജനമുക്തി മോര്‍ച്ച ആവശ്യപ്പെട്ടു.
Content highlights: Dilip GHosh repeats Vandals will be shot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..