കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബി.ജെ.പി. അധ്യക്ഷന്‍ ദിലീപ് ഘോഷിനെ പാര്‍ട്ടി തല്‍സ്ഥാനത്തുനിന്ന് നീക്കി. ബി.ജെ.പിയില്‍നിന്ന് എം.പിയും എം.എല്‍.എമാരും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ എം.പി. സുകാന്ത മജുംദാറിനോട് നേതൃത്വം ആവശ്യപ്പെട്ടു. പകരം ദിലീപ് ഘോഷിന് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയിട്ടുണ്ട്. 

നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ഇതുവരെ നാല് എം.എല്‍.എമാരും ഒരു എം.പിയുമാണ് ബി.ജെ.പിയില്‍നിന്ന് തൃണമൂലില്‍ എത്തിയത്. മുന്‍കേന്ദ്രമന്ത്രിയും എം.പിയുമായ ബാബുല്‍ സുപ്രിയോ ആണ് ഏറ്റവും ഒടുവില്‍ ബി.ജെ.പി. വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. എം.എല്‍.എമാരായ സൗമന്‍ റോയ്, ബിശ്വജിത് ദാസ്, തന്‍മയ് ഘോഷ്, മുകുള്‍ റോയ് എന്നിവരാണ് ബാബുലിന് മുന്‍പ് ബി.ജെ.പി. വിട്ട് തൃണമൂല്‍ കൂടാരത്തിലെത്തിയത്. 

പശ്ചിമ ബംഗാളിലെ 294 അംഗ നിയമസഭയില്‍ 200-ല്‍ അധികം സീറ്റുകള്‍ നേടുമെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. എന്നാല്‍ 77 സീറ്റുകളില്‍ മാത്രമാണ് അവര്‍ക്ക് ജയിക്കാനായത്. 

content highlights: dilip ghosh dropped as west bengal bjp chief