ദിഗ്വിജയ സിങ് | Photo: PTI
ന്യൂഡൽഹി: കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന ദിഗ്വിജയ് സിങിന്റെ പരാമർശത്തിനെതിരേ കടുത്ത പ്രതിഷേധവുമായി ബിജെപി. സമൂഹമാധ്യമമായ ക്ലബ് ഹൗസിൽ നടന്ന ചർച്ചയ്ക്കിടെ ഒരു പാകിസ്താനി മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ദിഗ്വിജയ് സിങ് നൽകിയ മറുപടിക്കെതിരേയാണ് ബിജെപി നേതാക്കൾ രംഗത്തെത്തിയത്.
370-ാം ആർട്ടിക്കിൾ റദ്ദാക്കിയപ്പോൾ കശ്മീരിൽ ജനാധിപത്യം ഉണ്ടായിരുന്നില്ല. അവിടെ എല്ലാവരെയും തടവിലാക്കിക്കൊണ്ടാണ് കേന്ദ്രസർക്കാർ അത്തരമൊരു നടപടിയിലേക്ക് കടന്നത്. ഹിന്ദു രാജാവ് ഭരിച്ചിരുന്ന മുസ്ലീം ഭൂരിപക്ഷ പ്രദേശമായിരുന്നു കശ്മീർ. എന്നാൽ അവിടെ സഹവർത്തിത്വമുണ്ടായിരുന്നു. അത് തകർക്കാനാണ് മോദി സർക്കാർ ശ്രമിച്ചത്. കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കിയത് വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇതു പുനഃപരിശോധിക്കുമെന്നുമായിരുന്നു ദിഗ് വിജയ് സിങ് പറഞ്ഞത്.
കോൺഗ്രസിന്റെ ഈ മാനോഭാവമാണ് കശ്മീരിൽ വിഘടനവാദത്തിന്റെ വിത്തുകൾ വിതയ്ക്കുകയും താഴ്വരയിൽ പാക് ഇടപെടലുകള്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്തതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് കുറ്റപ്പെടുത്തി. ബിജെപി സോഷ്യൽ മീഡിയ ചീഫ് അമിത് മാളവ്യ ട്വീറ്റ് ചെയ്ത ക്ലബ് ഹൗസ് ചർച്ച പങ്കുവെച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം.
കോൺഗ്രസിന്റെ പേര് ഐഎൻസി എന്നതിന് പകരം എഎൻസി (ആന്റി നാഷണൽ ക്ലബ് ഹൗസ്) എന്നാക്കി മാറ്റണമെന്ന് ബിജെപി ദേശീയ വക്താവ് സാംബിത് പത്ര വിമർശിച്ചു. മോദിയെ വെറുക്കുന്നതിനാൽ ഇന്ത്യയേയും വെറുക്കാൻ തുടങ്ങിയ ആളുകളുടെ ഒരു ക്ലബ് ഹൗസാണ് കോൺഗ്രസെന്നും അദ്ദേഹം വിമർശിച്ചു.
കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ആർട്ടിക്കിൾ 370 കൊണ്ടുവരികയെന്ന പാപം ചെയ്തത് കോൺഗ്രസാണ്. കശ്മീരിലേക്ക് വിഘടനവാദികളെ തിരിച്ചുകൊണ്ടുവരുന്നതാണോ കോൺഗ്രസ് പുനഃപരിശോധിക്കുന്നതെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹൻ ചോദിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, രാജ്യത്തെ ദശലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും മോദി-അമിത് ഷാ ഭരണകൂടത്തെ പുറത്താക്കാൻ ഓരോ ഇഞ്ചിലും പോരാടുമെന്ന് വിമർശനങ്ങൾക്ക് മറുപടിയായി ദിഗ് വിജയ് സിങ് ട്വീറ്റ് ചെയ്തു.
content highlights:Digvijaya Singh Responds To BJP Attack On Article 370 Revocation Comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..