ഭോപ്പാൽ: ജ്യോതിരാദിത്യ സിന്ധ്യയെ കടന്നാക്രമിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ്‌ സിങ്ങും മകന്‍ ജയവര്‍ധന്‍ സിങ്ങും. കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ താഴെയിറക്കി അടുത്തിടെയാണ് സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നത്. നിലവില്‍ ബിജെപിയുടെ രാജ്യസഭ സ്ഥാനാര്‍ഥിയാണ് ഇദ്ദേഹം.

ശിപായി ലഹള ഇല്ലാതാക്കാന്‍ സിന്ധ്യ രാജവംശം ബ്രിട്ടീഷുകാരുമായി കൈകോര്‍ത്തതായി ചരിത്രകാരന്മാര്‍ ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ജയവര്‍ധന്‍ ട്വീറ്റ് ചെയ്തത്.

സിന്ധ്യ കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്നപ്പോള്‍ ശിവരാജ് സിങ് ചൗഹാനും മറ്റ് ബിജെപി നേതാക്കളും സിന്ധ്യയുടെ പൂര്‍വ്വികരുടെ വഞ്ചനാപരമായ നടപടിയെ വിമര്‍ശിച്ചിരുന്നു.  ചൗഹാന്റെ ആ പഴയ പ്രസംഗത്തിന്റെ ക്ലിപ്പ് ആണ് കോണ്‍ഗ്രസ്സ് ട്വീറ്റ് ചെയ്തത്. പൂർവ്വ ചരിത്രം പറഞ്ഞുള്ള ആരോപണങ്ങൾക്ക് പുറമെ റിലയൻസ് ഫൗണ്ടേഷൻ ദുരിതാശ്വാസ സാധനങ്ങൾ സിന്ധ്യ തന്റെ പേരിലാക്കി വിതരണം ചെയ്തുവെന്ന ആരോപണവും കോൺഗ്രസ്സ് നേതാക്കൾ ഉയർത്തി.

റിലയന്‍സ് ഫൗണ്ടേഷന്റെ ദുരിതാശ്വാസ സാധനങ്ങള്‍ സിന്ധ്യ ഫൗണ്ടേഷന്റെതാണെന്ന് പറഞ്ഞ് വിതരണം ചെയ്തതിനെ ദിഗ്വിജയ് സിങ് ആണ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. അതിനു പിന്നാലെയാണ് ജയവര്‍ദ്ധന്റെ ട്വീറ്റ് വന്നത്.

"നിങ്ങള്‍ നിരവധി സ്വകാര്യ ട്രസ്റ്റുകള്‍ നടത്തുന്നു. അവയിലൂടെ  ദുരിതാശ്വാസ പ്രവര്‍ത്തനം നടത്താമായിരുന്നു.എന്നാല്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ടാഗ് നീക്കംചെയ്ത് സിന്ധ്യ ഫൗണ്ടേഷന്‍ എന്നാക്കി മാറ്റിയത് എങ്ങനെ താങ്കള്‍ ന്യായീകരിക്കും?" എന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ചോദിച്ചത്.

സിന്ധ്യ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ വക്താവും ബിജെപി നേതാവുമായ പങ്കജ് ചതുര്‍വേദി വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്.

"പ്രതിസന്ധി ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ആക്രമിക്കുന്നവര്‍ അവര്‍ എന്താണ് ചെയ്തതെന്ന് ലോകത്തെ അറിയിക്കണം. പ്രതിസന്ധി ഘട്ടങ്ങളില്‍ സിന്ധ്യ കുടുംബം എല്ലായ്‌പ്പോഴും ആളുകള്‍ക്ക് ആശ്വാസം നല്‍കിയിട്ടുണ്ട്. അദ്ദേഹം റിലയന്‍സ് ഫൗണ്ടേഷനുമായി സംസാരിച്ചിരുന്നു. അദ്ദേഹം അവരുടെ ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്തുവെന്നത് സത്യമാണ്, പക്ഷേ മധ്യപ്രദേശിലെ പല ഭാഗങ്ങളിലും അദ്ദേഹം സ്വന്തം ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്തിരുന്നു . റിലയൻസ് പേര് നീക്കം ചെയ്തുവെന്ന ആരോപണം ശരിയല്ല." എന്നാണ് വക്താവ് പറഞ്ഞത്.

content highlights: Digvijaya Singh and son Jaivardhan Singh attack Jyotiraditya Scindia british connection