
പാർലമെന്റ് മന്ദിരം | Photo: PTI
ന്യുഡൽഹി: നവീകരിച്ച പാർലമെന്റ് മന്ദിരത്തിനു മോടി കൂട്ടാൻ ഡിജിറ്റൽ സൻസദ് ആപ്ലിക്കേഷനുമായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം. ഈ ആപ്പ് വഴി പൊതുജനങ്ങൾക്ക് പാർലമെന്റ് നടപടിക്രമങ്ങൾ ലെെവായി കാണാൻ കഴിയും. തങ്ങളുടെ പാർലമെന്റ് അംഗങ്ങൾ എന്തൊക്കെ ചർച്ചകളാണ് പാർലമെന്റിൽ നടത്തുന്നതെന്നും അതിന്റെ വിവരങ്ങളും പൊതുജനങ്ങൾക്ക് ഇതുവഴി അറിയാൻ സാധിക്കും. 1947 മുതൽ ഇതുവരെയുള്ള എല്ലാ ലോക്സഭാ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട ആർക്കൈവ് ഡേറ്റയും ആപ്പിൽ ലഭ്യമാണ്.
കാര്യക്ഷമവും സുസ്ഥിരവുമായ കേന്ദ്രീകൃത സെക്രട്ടേറിയറ്റും ആധുനിക സംവിധാനങ്ങളും സമന്വയിപ്പിച്ച് ഭരണപരമായ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സെൻട്രൽ വിസ്ത പദ്ധതി പൂർത്തീകരണത്തിന്റെ അന്തിമഘട്ടത്തിലാണ്. പുതിയ പാർലമെന്റ് മന്ദിരം സ്വാഭാവികമായും എല്ലാ അംഗങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും രാജ്യത്തെ പൗരൻമാർക്കും ഇടപെടാൻ കഴിയുംവിധം അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാൽ സജ്ജമാവേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് ഡിജിറ്റൽ സൻസദ് എന്ന ആപ്പ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്.
ഇതിനായി ഡിജിറ്റൽ സൻസദ് എന്ന ആധുനിക ഡിജിറ്റൽ പ്ലാറ്റ്ഫോം കൂടുതൽ മികച്ചതാക്കി സജ്ജമാക്കാനൊരുങ്ങുകയാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം.
ഡിജിറ്റൽ സൻസദിന്റെ പരമാവധി സാധ്യതകളെക്കുറിച്ച് ആലോചിക്കുന്നത്തിനായി ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയം വിവിധ പാർലമെന്റ് അംഗങ്ങളുമായി ആശയവിനിമയം നടത്തി. പ്രധാനമന്ത്രിയുടെ ഡിജിറ്റൽ സർക്കാർ, ഡിജിറ്റൽ നാഗരിക് എന്ന കാഴ്ചപ്പാട് യാഥാർഥ്യമാക്കുന്ന തരത്തിലാകും ‘ഡിജിറ്റൽ സൻസദ്’ രൂപപ്പെടുകയെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എംപിമാരെ അറിയിച്ചു. എംപിമാരെയും പാർലമെന്റിനെയും പൗരന്മാരെയും സർക്കാരിനെയും ശാക്തീകരിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്ന ഹൈടെക് പ്ലാറ്റ്ഫോമായ ഡിജിറ്റൽ സൻസദ് പുതിയ പാർലമെന്റിനെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പാർലമെന്റിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഉൾക്കൊള്ളാനാവും വിധം രൂപപ്പെടുത്തുന്ന ഡിജിറ്റൽ സൻസദ് ആപ്പിന്റെ മൂന്ന് പതിപ്പുകൾ ഇലക്ട്രോണിക്സ് ഐ ടി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ മൂന്ന് വർഷത്തിനുള്ളിൽ പൂർണമായി വികസിപ്പിക്കും. ഡിജിറ്റൽ സൻസദിന്റെ ആദ്യ പതിപ്പ് ഇതിനോടകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. അടുത്ത പതിപ്പ് പന്ത്രണ്ടു മാസത്തിനുള്ളിലും മൂന്നാമത്തേത് അതിനുശേഷവും യാഥാർഥ്യമാകും.
ലോക്സഭാ സ്പീക്കർ ഓം ബിർള, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരുടെ താല്പര്യത്തിൽ എംപിമാർ, പാർലമെന്റ്, പൗരന്മാർ, സർക്കാരുകൾ എന്നിവരെ ശാക്തീകരിക്കുകയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നതിനുദ്ദേശിച്ചു രൂപം കൊടുക്കുന്ന ഹൈടെക് പ്ലാറ്റ്ഫോമായ ഡിജിറ്റൽ സൻസദ് നമ്മുടെ പാർലമെന്റിനെ കൂടുതൽ ശ്രദ്ധേയമാക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
പാർലമെന്റ് അംഗങ്ങളായ ശശി തരൂർ, ജയന്ത് സിൻഹ, വിനയ് സഹസ്ര ബുദ്ധേ, അമർ പട്നായിക്, ബിനോയ് വിശ്വം, പ്രിയങ്ക ചതുർവേദി, വന്ദന ചവാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..