
ദിഗന്തിക ബോസ് | Photo Courtesy: indianexpress.com|
കൊൽക്കത്ത: മാസ്ക് ദീർഘനേരം ഉപയോഗിക്കുമ്പോൾ ചെവി വേദനിക്കുന്നതിന് പരിഹാരം കണ്ടെത്തിയ പശ്ചിമ ബംഗാളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി ദിഗന്തിക ബോസിന് ഡോ.അബ്ദുൾ കലാമിന്റെ പേരിലുളള ദേശീയ ശാസ്ത്ര പുരസ്കാരം.
കോവിഡ് മുന്നണിപ്പോരാളികളെ മനസ്സിൽകണ്ടുകൊണ്ട് നിർമിച്ച 'ഇയർ പ്രഷർ റിഡക്ഷൻ ടൂളാ'ണ് ദിഗന്തികയെ പുരസ്കാരത്തിന് അർഹയാക്കിയത്. ഡോ. എ.പി.ജെ. അബ്ദുൾകലാം ഇഗ്നിറ്റഡ് മൈൻഡ് ചിൽഡ്രൻ ക്രിയേറ്റിവിറ്റി ആൻഡ് ഇന്നവേഷൻ അവാർഡ് 2020 ലഭിച്ച ഒമ്പതു പേരിൽ ഒരാളാണ് ദിഗന്തിക.
പ്രാദേശികമായ പ്രശ്നങ്ങൾ, ഇതുവരെ അഭിസംബോധന ചെയ്യപ്പെടാത്ത സാമൂഹികാവശ്യങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി കുട്ടികൾക്കിടയിൽ സഹാനുഭൂതി സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം സംഘടിപ്പിച്ചത്. ഈ വർഷം 22 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നായി 9,000 ആശയങ്ങളാണ് ഫൗണ്ടേഷന് ലഭിച്ചത്.
'ആരോഗ്യപ്രവർത്തകരുൾപ്പടെ ദീർഘനേരം മാസ്ക് ധരിക്കേണ്ടി വരുന്ന നിരവധിപേരുണ്ട്. ചെവിയിൽ നിരന്തരമായ സമ്മർദത്തിനും വേദനയ്ക്കും ഇത് കാരണമാകും. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്, ഫ്ളെക്സിബിൾ ബോർഡുകൾ എന്നിവയുടെ സഹായത്തോടെ ഞാൻ ഈ ബാൻഡുകൾക്ക് രൂപകല്പന നിർവഹിച്ചു.' ദിഗന്തിക പറയുന്നു.
മാസ്കിന്റെ ഇയർ സട്രാപ്പുകളെ തലയുടെ പിൻഭാഗത്തായി കൊളുത്താൻ സഹായിക്കുന്നതാണ് ദിഗന്തിക രൂപ കല്പന ചെയ്ത ഇയർ പ്രഷർ റിഡക്ഷൻ ടൂൾ. ഇപ്രകാരം ചെയ്യുമ്പോൾ ചെവിക്ക് മേലുളള സമ്മർദം ഒഴിവാക്കാൻ സാധിക്കും. തന്മൂലം വേദനയോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടുകയുമില്ല.
കോവിഡ് 19 ആയി ബന്ധപ്പെട്ട് ദിഗന്തിക നടത്തുന്ന ആദ്യ കണ്ടുപിടിത്തമല്ല ഇത്. കോവിഡുമായി ബന്ധപ്പെട്ട് അഞ്ച് പ്രത്യേക റിസെർച്ചാണ് അവർ നടത്തിയത്. ഏപ്രിലിൽ വായുലഭ്യമാക്കുന്ന അതേസമയം വൈറസിനെ ഇല്ലാതാക്കുന്ന ഒരു മാസ്ക് ദിഗന്തിക നിർമിച്ചിരുന്നു. നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ നടത്തിയ മത്സരത്തിൽ മാസ്ക് ഷോർട്ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നതാണ്. മാസ്കിന് ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു.
Courtesy:TheIndian Express
Content Highlights:Digantika Boses ear pressure reduction tool
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..