റായ്പൂര്‍: ജൈവ ഇന്ധനം ഉപയോഗിച്ച്‌ രാജ്യത്ത് ഡീസല്‍ 50രൂപയ്ക്കും പെട്രോള്‍ 55 രൂപയ്ക്കും ലഭ്യമാക്കാനാവുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. തിങ്കളാഴ്ച ഛത്തീസ്ഗഡിലെ ചരോദയില്‍ സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

ജൈവ ഇന്ധന ഉത്പാദനത്തിന് ഏറെ സാധ്യതയുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഢ്‌.  ഇതര ഇന്ധനങ്ങളുടെ ഉപയോഗത്തിലൂടെ പെട്രോള്‍, ഡീസല്‍ ഉപയോഗം കുറച്ചുകൊണ്ടുവരാനാകുമെന്നും  ഗഡ്കരി പറഞ്ഞു. കാര്‍ഷിക രംഗത്ത് ഛത്തീസ്ഗഢിന് മികച്ച വളര്‍ച്ചാ നിരക്കുണ്ട്. അരി, ഗോതമ്പ്, ധാന്യങ്ങള്‍, കരിമ്പ് എന്നിവ വന്‍തോതില്‍ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതേ മാതൃകയില്‍ ജൈവ ഇന്ധന ഹബ്ബായും ഛത്തീസ്ഗഢിന് മാറാനാകുമെന്ന് അദ്ദേഹം പറഞ്ഞു..

എഥനോള്‍, മെഥനോള്‍,  ജൈവ ഇന്ധനം, പ്രകൃതി വാതകം തുടങ്ങിയവയിലേക്ക് മാറുന്നതിലൂടെ പെട്രോളിനേയും ഡീസലിനേയും അമിതമായി ആശ്രയിക്കുന്നതില്‍ നിന്ന്‌ മാറാന്‍ രാജ്യത്തിന് കഴിയും. രാജ്യത്ത് അഞ്ച് എഥനോള്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പെട്രോളിയം മന്ത്രാലയം പദ്ധതിയൊരുക്കുന്നുണ്ട്. വൈക്കോല്‍, കരിമ്പ്, ജൈവമാലിന്യങ്ങള്‍ എന്നിവയുപയോഗിച്ച് പ്ലാന്റുകളില്‍ ഉത്പാദിപ്പിക്കുന്ന ഡീസല്‍ ലിറ്ററിന് 50 രൂപയ്ക്കും പെട്രോള്‍ ലിറ്ററിന് 55 രൂപയ്ക്കും ലഭ്യമാക്കാനാകും. ഗഡ്കരി പറഞ്ഞു.

എട്ട് ലക്ഷം കോടിയുടെ പെട്രോളും ഡീസലുമാണ് ഇറക്കുമതി ചെയ്യുന്നത്. ഇവയുടെ വില നാള്‍ക്ക് നാള്‍ കൂടുകയാണ്. രൂപയുടെ മൂല്യം ഇടിയുന്നു. കര്‍ഷകര്‍ക്കും, ആദിവാസികള്‍ക്കും, കാട്ടുവാസികള്‍ക്കും എഥനോളും, മെഥനോളും, ജൈവ ഇന്ധനവും ഉത്പാദിപ്പിച്ച് വിമാനം വരെ പറപ്പിക്കാമെന്ന് 15 വര്‍ഷമായി ഞാന്‍ പറയുന്നതാണ്. അതുവഴി ഇവര്‍ക്കെല്ലാം ധനികരായി മാറാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഢിലെ ജാട്രോപ്പ പ്ലാന്റില്‍ ഉത്പാദിപ്പിച്ച ജൈവ ഇന്ധനം ഉപയോഗിച്ച് ഡെറാഡൂണില്‍ നിന്നും ഡല്‍ഹിയിലേക്ക് വിമാനം പറത്തിയ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു.

Content Highlights: Diesel Will Cost Rs. 50 Per Litre, Petrol At Rs. 55 if produce domestically in bio fuel plants says Nitin Gadkari