ന്യൂഡല്‍ഹി: കഴിഞ്ഞ പതിനെട്ടു ദിവസമായി രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലക്കുറവ് ജനങ്ങള്‍ക്ക് പ്രയോജനപ്പെടാത്ത വിധത്തില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് ഇടായാക്കുന്നത്. അതിനിടയില്‍ ഡല്‍ഹിയില്‍ ഡീസല്‍ വില പെട്രോള്‍ വിലയേക്കാള്‍ മുന്നിലെത്തി.

ഡല്‍ഹിയില്‍ ബുധനാഴ്ച ഡീസലിന് ലിറ്ററിന്‌ 48 പൈസ വര്‍ധിച്ച് 79.88 രൂപയായി. പെട്രോളിന് കഴിഞ്ഞ ദിവസം 79.76 രൂപയായിരുന്നത് വര്‍ധിച്ചില്ല. ഇതോടെ ഡീസല്‍ വില പെട്രോള്‍ വിലയെ മറികടന്നു. നിലവില്‍ ഡല്‍ഹിയില്‍ ഡീസല്‍ വിലയേക്കാള്‍ 12 പൈസ കുറവാണ് പെട്രോളിന്റെ വില. കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നീ മെട്രോ നഗരങ്ങളില്‍ പെട്രോള്‍ വിലതന്നെയാണ് മുന്നില്‍നില്‍ക്കുന്നത്.

18 ദിവസത്തിനിടയ്ക്കുണ്ടായ ഇന്ധനവിലവര്‍ധന പത്തു രൂപയ്ക്ക് അടുത്തെത്തി. പെട്രോളിന് 9.41 രൂപയും ഡീസലിന് 9.58 രൂപയുമാണ് ഇക്കാലയളവില്‍ വര്‍ധിച്ചത്.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വിലത്തകര്‍ച്ചയുണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. ജൂണ്‍ ഏഴ് മുതലാണ് ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് തുടങ്ങിയത്.

Content Highlights: Diesel Becomes Costlier Than Petrol In Delhi, Fuel price