മുംബൈ: ഗോവയില്‍ മനോഹര്‍ പരീക്കറുടെ മരണാനന്തരം തിടുക്കപ്പെട്ട് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത് സര്‍ക്കാര്‍ രൂപവത്കരിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന രംഗത്ത്. അധികാരത്തിനു വേണ്ടിയുള്ള നാണംകെട്ട കളിയാണിത്, പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തിടുക്കം കാണിച്ച ബിജെപി പരീക്കറുടെ ചിതകത്തിയമരാന്‍ പോലും കാത്തുനിന്നില്ലെന്നും സേന വിമര്‍ശിച്ചു. ശിവസേനയുടെ മുഖപത്രമായ സാംനയിലാണ് ബിജെപിക്കെതിരേയുള്ള രൂക്ഷ വിമര്‍ശനം.
"ചൊവ്വാഴ്ച വരെ ബിജെപി കാത്തുനിന്നിരുന്നെങ്കില്‍ സര്‍ക്കാര്‍ താഴെ വീഴുമായിരുന്നു. മാത്രമല്ല ഒരു ഉപമുഖ്യമന്ത്രി കോണ്‍ഗ്രസ്സിലേക്ക് പോകുമായിരുന്നു", സാംനയിലെ ലേഖനത്തില്‍ സേന അവകാശപ്പെടുന്നു.
"അവസാനം പൂച്ചയെപ്പോലെ തങ്ങളുടെ പങ്ക് കാത്തു നിന്നവര്‍ തിങ്കളാഴ്ച രാത്രി സാവന്തിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ തങ്ങളുടെ കളി അവസാനിപ്പിച്ചു. ജനാധിപത്യത്തിന്റെ ഭീകരമായ അവസ്ഥയാണിത്. പരീക്കറിന്റെ ചാരം കത്തിയെരിഞ്ഞ് തണുക്കുന്നത് വരെയെങ്കിലും അവര്‍ക്ക് കാത്തുനില്‍ക്കാമായിരുന്നു. സത്യപ്രതിജ്ഞ ചൊല്ലാന്‍ ചൊവ്വാഴ്ച വരെ കാത്തുനിന്നിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു.
അധികാര ദാഹത്തിനായി മറ്റുള്ളവരുടെ കഴുത്തിന് പിടിക്കുമ്പോള്‍ ചിത കത്തിയമര്‍ന്നിട്ടുണ്ടായിരുന്നില്ലെന്നും ലേഖനം പറയുന്നു.
content highlights: Didn't Wait For Manohar Parrikar's Ashes To Cool Down, says Sena in Samna